ksrtc

കണ്ണൂർ: കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണത്തിനായി രൂപീകരിച്ച കൺസോർഷ്യത്തിൽ നിന്ന് പിന്മാറിയ സഹകരണ ബാങ്കുകളെയും സ്ഥാപനങ്ങളെയും സഹകരണ വകുപ്പ് കർശനമായി നിരീക്ഷിക്കുന്നു. ഇവരുടെ ഇടപാടുകളും പണയപ്പണ്ടങ്ങളും വകുപ്പ് പരിശോധിക്കും.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കൺസോർഷ്യത്തിൽ നിന്ന് യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ഏഴ് സഹകരണ ബാങ്കുകൾ പിന്മാറിയത്. ഇതോടെ പെൻഷൻ വിതരണം അവതാളത്തിലാകുമെന്ന ആശങ്കയുണ്ട്. മലപ്പുറം ജില്ലയിലെ ആറ് ബാങ്കുകളും കോട്ടയം ജില്ലയിലെ ഒരു ബാങ്കുമാണ് അവസാന നിമിഷം പിന്മാറിയത്.

എന്നാൽ കൺസോർഷ്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അധികബാദ്ധ്യത കേരള ബാങ്ക് രൂപീകരണത്തിന് തടസമാകുമെന്ന കാരണമാണ് ബാങ്ക് അധികൃതർ പറയുന്നത്. കേരള ബാങ്ക് രൂപീകരിക്കുമ്പോൾ സഹകരണ ബാങ്കുകൾക്ക് അധികബാധ്യത ഉണ്ടാകരുതെന്ന് റിസർവ് ബാങ്ക് നിർദ്ദേശമുണ്ട്. അപ്രതീക്ഷിതമായി ബാങ്കുകൾ പിന്മാറിയതോടെ 11 ബാങ്കുകളെ പുതുതായി കൺസോർഷ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു. പരിഷ്കരിച്ച ഉത്തരവ് കഴിഞ്ഞദിവസമാണ് സഹകരണ വകുപ്പ് പുറത്തിറക്കിയത്.

മാസം 40,000 പേർക്ക് പെൻഷന് 60 കോടി

ഒരു മാസം പെൻഷനായി കെ.എസ്.ആർ.ടി.സി നൽകേണ്ടത് 60 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പളം 80 കോടിയും. പെൻഷൻ വിതരണം സുഗമമാക്കാനാണ് സഹകരണ ബാങ്കുകളുമായി കൈകോർക്കാൻ തീരുമാനിച്ചത്. പെൻഷൻവിതരണം സഹകരണ ബാങ്കുകൾ ഏറ്റെടുത്ത് ഫെബ്രുവരി 10നാണ് സർക്കാർ ഉത്തരവിറക്കിയത്. 18ന് കൺസോർഷ്യം രൂപീകരിച്ച് ഉത്തരവിറക്കുകയും ചെയ്തു.

പ്രാഥമിക സംഘങ്ങൾക്കും പണം നൽകാം

കൺസോർഷ്യത്തിന് പ്രാഥമിക സഹകരണ സംഘങ്ങൾക്കും പണം നൽകാമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ മിക്ക പ്രാഥമിക സഹകരണ സംഘങ്ങളും സഹകരിച്ചില്ല. മുങ്ങുന്ന കപ്പലായ കെ.എസ്.ആർ.ടി.സിക്ക് പണം നൽകുന്നത് ബാങ്കിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു ഇവരുടെ വിലയിരുത്തൽ. പത്തുശതമാനം പലിശ നൽകാമെന്നറിയിച്ചിട്ടും പല സംഘങ്ങളും മുഖം തിരിച്ചു.

ഉത്തരവുകൾ ആവർത്തിച്ചു

ഇടക്കിടെ ബാങ്കുകളും സഹകരണ സംഘങ്ങളും കൺസോർഷ്യത്തിൽ നിന്ന് പിന്മാറുന്നത് സഹകരണ വകുപ്പിനും തലവേദനയാണ്. കഴിഞ്ഞ മാസം വരെ പത്ത് ഉത്തരവുകളാണ് മാറിമാറി ഇറക്കിയത്. ഫെബ്രുവരി മുതൽ ജൂലായ് വരെയുള്ള പെൻഷൻ വിതരണത്തിനായി 88 കോടി രൂപ പിരിച്ചെടുക്കണമെന്നായിരുന്നു നിർദ്ദേശം. മലപ്പുറം, കോട്ടയം ജില്ലകളിലെ 50 ബാങ്കുകളിൽ നിന്നാണ് ഈ പണം സ്വീകരിക്കാൻ തീരുമാനിച്ചത്.