കണ്ണൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്പോർട്സ് ഡിവിഷൻ ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ഇന്നലെ ആശുപത്രി വിട്ടു. പത്ത് വിദ്യാർത്ഥികളെ ശനിയാഴ്ചയായിരുന്നു ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബിരിയാണി കഴിച്ച ഉടൻ ഏറെ നേരം കനത്ത വെയിലിൽ പ്രാക്ടീസിനായി മൈതാനത്ത് ഇറങ്ങിയതാണ് ഭക്ഷ്യ വിഷബാധയ്ക്ക് ഇടയായതെന്ന് ഡോക്ടർമാർ പഞ്ഞു. കുട്ടികൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് പുറമെ നിന്നുള്ള ബിരിയാണിയായിരുന്നു കഴിക്കാൻ നൽകിയിരുന്നത്. 110 കുട്ടികൾ ഇതുതന്നെയാണ് കഴിച്ചത്. എന്നാൽ പ്രാക്ടീസിന് ഇറങ്ങിയ കുട്ടികൾക്ക് മാത്രമാണ് അവശതകൾ അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്തുകുട്ടികളും തുടർച്ചയായ മൂന്നുദിവസം മൈതാനത്ത് തീവ്രപരിശീലനത്തിലായിരുന്നു.