40 കാമറകളിൽ പ്രവർത്തിക്കുന്നത് രണ്ടെണ്ണം മാത്രം

കാസർകോട്: കുറ്റകൃത്യങ്ങൾ പെരുകുമ്പോൾ കാസർകോട് നഗരത്തിലെ കാമറകൾ ഭൂരിഭാഗവും കണ്ണുചിമ്മിയ നിലയിൽ. ലക്ഷങ്ങൾ ചിലവിട്ട് സ്ഥാപിച്ചിരിക്കുന്ന 40 കാമറകളിൽ ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്നത് രണ്ടെണ്ണം മാത്രം. ഇതിനാൽ നഗരത്തിൽ അരങ്ങേറുന്ന കുറ്റകൃത്യങ്ങൾ തെളിയിക്കാൻ കഴിയാതെ കുഴയുന്നത് പൊലീസും.

കടകളിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി കാമറകളെ ആശ്രയിച്ചാണ് പലപ്പോഴും പൊലീസ് അന്വേഷണം നടക്കുന്നത്. അവയും കൃത്യമായി പ്രവർത്തിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രമാണ്. സി.സി.ടി.വി കാമറകൾ പ്രവർത്തിക്കാത്തത് വിമർശനത്തിന് കാരണമായതിനെ തുടർന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എയും അന്തരിച്ച മഞ്ചേശ്വരം എം.എൽ.എയായിരുന്ന പി.ബി അബ്ദുർ റസാഖും 10 ലക്ഷം രൂപവീതം അനുവദിച്ചിരുന്നു. എന്നിട്ടും പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല.

അക്രമങ്ങളും കൊലപാതകങ്ങളും മുൻകാലങ്ങളിൽ ആവർത്തിക്കപ്പെട്ടതോടെയാണ് സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിച്ചത്. തുടക്കത്തിൽ പല കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനും ഇതിലെ ദൃശ്യങ്ങൾ പൊലീസിന് സഹായകമായിരുന്നു. നിലവിലെ സാഹചര്യത്തിൽ അക്രമികൾക്കും കവർച്ചാ സംഘങ്ങൾക്കും സദാചാര പൊലീസ് സംഘത്തിനും അഴിഞ്ഞാടാൻ ഇനി ക്യാമറ കണ്ണുകളെ ഭയക്കേണ്ടതില്ലെന്ന അവസ്ഥയാണ് കാസർകോടുള്ളത്.

കുഴയുന്നത് പൊലീസ്

കഴിഞ്ഞദിവസം ദേശീയപാതയിൽ കറന്തക്കാട് വെച്ച് സ്‌കൂട്ടറിൽ ലോറിയിടിച്ച് യാത്രക്കാരൻ മരിച്ച സംഭവത്തിൽ അപകടം വരുത്തിയ ലോറി കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളിലും വീടിന് സമീപങ്ങളിലും വെച്ചിരിക്കുന്ന കാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടം വരുത്തിയ ലോറി അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നതാണെന്ന് ഉറപ്പിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ ലോറി കണ്ടെത്താനാകുമെന്നും പൊലീസ് കേന്ദ്രങ്ങൾ സൂചിപ്പിച്ചു. കീഴൂരിലെ അക്രമി സംഘം കഴിഞ്ഞദിവസം കാസർകോട് നഗരത്തിൽ അഴിഞ്ഞാടിയിട്ടും കാമറകൾ നിശ്ചലമായതിനാൽ അതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിക്കാത്ത സാഹചര്യമാണ്.

കാമറ സ്ഥാപിച്ചത് കെൽട്രോൺ

പൊതുമേഖല സ്ഥാപനമായ കെൽട്രോൺ ആണ് ആഭ്യന്തര വകുപ്പിന് വേണ്ടി സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്. കാമറ സ്ഥാപിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ പലതും കണ്ണടച്ചിരുന്നു. കെൽട്രോണുമായി കരാറില്ലാത്തതാണ് ഇവ നന്നാക്കാൻ നടപടി സ്വീകരിക്കാൻ കഴിയാത്തതെന്ന് അധികൃതർ പറയുന്നു.