കണ്ണൂർ:ലഹരി ഗുളികകളും കഞ്ചാവും കടത്തുന്നതിനിടെ മൂന്ന് യുവാക്കളെ എക്സൈസ് സംഘം പിടികൂടി.ശ്രീകണ്ഠാപുരം കോട്ടൂരിലെ അമ്മാൻ കുന്നുമ്മൽ ഇസ്ഹാഖ് (28) , മീത്തലകത്ത് വീട്ടിൽ സിറാജുദ്ദീൻ (28) എന്നിവരെ മുന്നൂറ് ഗ്രാം കഞ്ചാവുമായും വലിയന്നൂർ കോളനിയിലെ കെ.നിഖിൽ ( 21 ) നെ നിരോധിത ലഹരി ഗുളികയായ നൈട്രോ സെപാമുമായാണ് പിടികൂടിയത്.ചാല ഹൈസ്‌കൂളിന് സമീപം വാഹന പരിശോധനക്കിടെ എക്‌സൈസ് സംഘം വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ നിർത്താതെ പോകുകയായിരുന്നു.സ്‌കൂട്ടറും കാറും പിൻതുടർന്ന് ചാല മെയിൻ സ്റ്റോപ്പിൽ വച്ചാണ് പിടികൂടിയത്. ഇതിലുണ്ടായിരുന്ന രണ്ട് യുവാക്കൾ ബ്ലേഡ് വച്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഓടി രക്ഷപ്പെട്ടു.ഇവർക്കെതിരെ കുറ്റം ചുമത്തി എക്‌സൈസ് നിരീക്ഷിച്ച് വരികയാണ്.
മണിക്കൂറുകളോളം ചാല ടൗണിൽ ഇവർ ഭീകരാവസ്ഥ സൃഷ്ട്ടിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിർത്താതെ പോയ വാഹനം ചാലയിലെത്തിയപ്പോൾ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെയും ആവശ്യമായ ഉദ്യോഗസ്ഥർ യഥാസമയം എത്തിച്ചേരുകയും ചെയ്തതോടെയാണ് ബാക്കിയുള്ളവരെ പിടികൂടിയത്.ചാല ഭാഗത്ത് വാഹനത്തിൽ ലഹരി വസ്തുക്കൾ എത്തിക്കുന്നുണ്ടെന്ന എക്‌സൈസ് നാർകോട്ടിക് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്.കണ്ണൂരിലേക്ക് മുംബൈയിൽ നിന്നും ലഹരി കടത്തികൊണ്ടു വന്ന കുറ്റത്തിന് പ്രധാന ബ്രൗൺഷുഗർ വിൽപ്പനക്കാരനെ ഇതേ എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം പിടികൂടി റിമാൻഡ് ചെയ്തിരുന്നു. പരിശോധന ശക്തമാക്കാൻ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി .കെ. സുരേഷ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി .നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ വി. കെ. ഷിബു , എക്‌സൈസ് ഓഫീസർമാരായ ഒ .ലിമേഷ് , കെ. ഇസ്മയിൽ ഉത്തരമേഖല ജോയന്റ് എക്‌സൈസ് കമ്മീഷണർ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ .ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്