കാസർകോട്: മനുഷ്യരുടെ അറിവില്ലായ്മയും അഹന്തയും അകറ്റാൻ ശ്രീനാരായണ ഗുരുദേവനിലേക്ക് നാം മടങ്ങണമെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അഭിപ്രായപ്പെട്ടു. ഒരു ലോകം ഒരു ഗുരു ഒരൊറ്റ ജനത എന്ന സന്ദേശവുമായി മാധ്യമ പ്രവർത്തകനും പ്രഭാഷകനുമായ സജീവ് കൃഷ്ണൻ ഒരു വർഷമായി നടത്തിവരുന്ന ഗുരുസാഗരം പ്രഭാഷണ പരമ്പരയുടെ സംസ്ഥാനതല സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണാനന്തര ചടങ്ങുകൾ നടത്തുന്നത് തടയുന്നതും വിവാഹത്തിന് ഗുരുവിന്റെ ഫോട്ടോ വെക്കുന്നത് നിഷേധിക്കുന്നതും ആർക്കും ഭൂഷണമല്ല. കൊലയും കൊലവിളിയും നടക്കുന്ന പ്രദേശങ്ങളിൽ ചില ചടങ്ങുകൾ തടയുന്നത് അജ്ഞത കൊണ്ടാണ്. അജ്ഞത മാറുകയും ജ്ഞാനം തിരിച്ചുവരികയും ചെയ്യാതെ മനുഷ്യന് പുരോഗതി ഉണ്ടാകില്ലെന്നും സ്വാമി പറഞ്ഞു.
പെരിയ എസ്.എൻ ട്രസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്മിനിസ്‌ട്രേറ്റർ കെ. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ ഭദ്രദീപം കൊളുത്തി. ജില്ലാ സംഘാടക സമിതികൾക്ക് സ്വാമി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. പ്രഭാഷണ പരമ്പരയുടെ ചിത്രങ്ങൾ പകർത്തിയ രഞ്ജിത് ഇന്ദിരാ ആർട്സിന്റെ ഫോട്ടോ പ്രദർശനവും ഉണ്ടായി.
മനുഷ്യരാകാൻ പഠിക്കണം:
ജസ്റ്റിസ് കെമാൽ പാഷ
കാസർകോട്: മതങ്ങളുടെ വേലിക്കെട്ട് തകർത്ത് നാം പുറത്തുവരണമെന്നും നല്ല മനുഷ്യരാകാൻ പഠിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത റിട്ട. ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ദർശനവും സന്ദേശവും നാം ഹൃദയത്തിൽ കൊണ്ടുനടക്കണം. മനുഷ്യ മനസ്സിൽ എന്നും ഗുരു ഉണ്ടായാൽ ഈ നാട് രക്ഷപ്പെടും. സ്ത്രീകളെ പുരോഗതിയിലേക്ക് നയിക്കാൻ രാഷ്ട്രീയ പാർട്ടികൾ തടസം നിൽക്കുകയാണ്. സ്ത്രീസംരക്ഷണം എന്നുപറഞ്ഞു പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാകുന്നത്. എന്നാൽ ശ്രീനാരായണ ഗുരു വർഷങ്ങൾക്ക് മുമ്പ് ശിവഗിരിയിൽ ശാരദ ദേവിയെ പ്രതിഷ്ഠിച്ചത് സ്ത്രീകളെ മഹത്വവൽക്കരിക്കാൻ വേണ്ടിയാണെന്ന് കെമാൽ പാഷ പറഞ്ഞു.