കേളകം: പ്രളയത്തിൽ ഗതിമാറിയൊഴുകി തീരമെടുത്ത ബാവലി പുഴയെ സംരക്ഷിക്കാൻ ആയിരം മുളതൈകൾ നട്ടു. കേളകത്തെ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് കേളകം പാലത്തിനും കുണ്ടേരി പാലത്തിനുമിടയിൽ ജലസംരക്ഷണ പ്രവർത്തനം തുടങ്ങിയത്. പെരുന്താനം ബാവലി പുഴയോരത്ത് നടന്ന ചടങ്ങ് പരിസ്ഥിതി പ്രവർത്തകൻ വിജയകുമാർ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ അദ്ധ്യക്ഷത വഹിച്ചു. ജാൻസി തോമസ്, ശാന്ത കേളകം, പ്രിൻസിപ്പൽ കെ.വി. ബിജു, പ്രധാന അദ്ധ്യാപകൻ പി.പി. വ്യാസ്ഷാ, ജോർജ്ജുകുട്ടി വാളുവെട്ടിക്കൽ, പി.എം. രമണൻ, ഇ.പി. ഐസക്ക് തുടങ്ങിയവർ പങ്കെടുത്തു.