മട്ടന്നൂർ: അനധികൃത റെയിൽവേ ഇ ടിക്കറ്റ് വില്പനയുമായി ബന്ധപ്പെട്ട് പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മനോജ് കുമാറിന്റെ നിർദേശമനുസരിച്ച് മട്ടന്നൂരിലെ ടൂർസ് ആൻഡ് ട്രാവൽസ് സ്ഥാപനങ്ങളിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് നടത്തിയ പരിശോധനയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അമൻ ടൂർസ് ആൻഡ് ട്രാവൽസ് ഉടമ ഇസ്മായിൽ, അൽഹിന്ദ് ട്രാവൽസ് ഉടമ നാസർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കരിഞ്ചന്തയിൽ വിൽക്കാൻ തയ്യാറാക്കിയ 18,000 രൂപയുടെ ഇ ടിക്കറ്റുകളും കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. 100 രൂപയോ അതിലേറെയോ ഓരോ ടിക്കറ്റിനും ഉപഭോക്താക്കളിൽ നിന്ന് അധികമായി ഈടാക്കുന്നതായും ആർ.പി.എഫ് പറഞ്ഞു. കണ്ണൂർ ആർ.പി.എഫ്. ഇൻസ്‌പെക്ടർ എ.പി. വേണു, സബ് ഇൻസ്‌പെക്ടർമാരായ വി. സുമിത്ത്, എ.പി. ദീപക്, ബിജു നെരിച്ചൻ, എം.കെ. ശ്രീലേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തലശ്ശേരി ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.