ചെറുവത്തൂർ: മാങ്ങാട്ടുപറമ്പിൽ നടന്ന കെ.എ.പി.ബറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത അശ്വിൻ ഭാസ്കർ മുഖ്യമന്ത്രിക്ക് സല്യൂട്ട് ചെയ്ത ശേഷംനേരേ ചെന്ന് പൊലീസുകാരനായ അച്ഛനും നൽകി ഒരു സല്യൂട്ട്.
ചെറുവത്തൂർ എരിഞ്ഞിക്കൽ സ്വദേശിയായ സ്പെഷൽ ബ്രാഞ്ച് എസ്.ഐ കെ.ഭാസ്കരനാണ് സ്വന്തം സേനയിൽ അംഗമായി ചേർന്ന മകനിൽ നിന്നും സല്യൂട്ട് കിട്ടിയത്. അമ്മ അനിതയും സഹോദരൻ അതുൽ ഭാസ്കരനും ചടങ്ങിനെത്തിയിരുന്നു.
അശ്വിൻ പിതാവിനെ പൊലീസ് ശൈലിയിൽ സല്യൂട്ട് ചെയ്തപ്പോൾ കൂടി നിന്നവർക്ക് ആദ്യം കാര്യം പിടികിട്ടിയില്ല. പിന്നെയാണറിഞ്ഞത് അശ്വിന്റെ ആഗ്രഹമായിരുന്നു ആദ്യ സല്യൂട്ട് തന്റെ പോലീസ് അച്ഛനുതന്നെ നൽകണമെന്നത്.
സംഭവം വൈറലായതോടെ സമൂഹമാധ്യമങ്ങളിലൂടെ അച്ഛനും മകനും ഇപ്പോൾ സല്യൂട്ടടി തുടരുകയാണ്.