wheel-chair

കണ്ണൂർ : ഭിന്നശേഷിക്കാരെ കൈപിടിച്ചുയർത്തുന്നതിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പിലാക്കിയ ഇൻഷ്വറൻസ് പദ്ധതി മുടങ്ങിയതോട ലക്ഷങ്ങളുടെ ഭാവി കണ്ണീരിലായി. കുടിശ്ശികയായി കോടികൾ കിട്ടാനുണ്ടെന്നാണ് ഇതിനുള്ള കാരണമായി ഇൻഷ്വറൻസ് കമ്പനി അധികൃതർ പറയുന്നത്. ഇതോടെ സംസ്ഥാനത്തെ എട്ടുലക്ഷത്തോളം ഭിന്നശേഷിക്കാരുടെ ജീവിതം ഇരുട്ടിലുമായി.

2015 ഡിസംബറിൽ തുടക്കമിട്ട പദ്ധതിയിൽ മുഴുവൻ ഭിന്നശേഷിക്കാരും അംഗമായിരുന്നു. 2000 രൂപ വാർഷിക പ്രീമിയമുള്ള പദ്ധതിയിൽ ഭിന്നശേഷിക്കാർ 325 രൂപ അടയ്ക്കണം. ബാക്കി വിഹിതം സംസ്ഥാന-കേന്ദ്ര സർക്കാരുകൾ വഹിക്കാനായിരുന്നു ധാരണ. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം ഇരുസർക്കാരുകളും ഒരു വർഷത്തിനുശേഷം പദ്ധതിയിൽ നിന്ന് തടിതപ്പിയതോടെ ബാദ്ധ്യത ഏറ്റെടുക്കാനാകില്ലെന്ന നിലപിടിലേക്ക് ഇൻഷ്വറൻസ് കമ്പനിയുമെത്തി. ഒരു വർഷം മാത്രം മുട്ടിലിഴഞ്ഞ പദ്ധതിക്കായി സംസ്ഥാനത്ത് കൈകോർത്തത് സാമൂഹ്യനീതി വകുപ്പും വികലാംഗ ശാക്തീകരണ വിഭാഗവുമാണ്.

പ്രയോജനം ഇങ്ങനെ

അന്ധത, കുഷ്ഠരോഗാനന്തര തകരാറുകൾ, കേൾവി, ചലന വൈകല്യം, ബുദ്ധിമാന്ദ്യം, മാനസിക രോഗം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളും മറ്റുരോഗങ്ങളും നേരിടുന്ന ഭിന്നശേഷിക്കാർ പദ്ധതിയിലുൾപ്പെടും. രണ്ടു ലക്ഷം രൂപ വരെയാണ് ഇൻഷ്വറൻസ് പരിരക്ഷ. ഭിന്നശേഷിക്കാരുടെ ഭാര്യയ്‌ക്കും രണ്ടു മക്കൾക്കും ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു. 65 വയസാണ് പ്രായപരിധി. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം കവിയരുത്.

മുൻകൂർ വൈദ്യ പരിശോധന ആവശ്യമില്ല. ഔട്ട് പേഷ്യന്റ് ചികിത്സാ ചെലവിനത്തിൽ പതിനായിരം രൂപ വരെ വാർഷിക കവറേജുണ്ടാകും. മാനസിക വൈകല്യമുള്ളവർക്ക് മുമ്പുണ്ടായിരുന്ന രോഗാവസ്ഥ കൂടി പരിഗണിച്ച് 3000 രൂപ വരെ ചികിത്സാ ചെലവനുവദിക്കും. രോഗികൾ പണം നൽകാതെ ചികിത്സ തേടുന്നതിന് ആശുപത്രികളുടെ ശൃംഖല തന്നെ ഇൻഷ്വറൻസ് കമ്പനി രൂപീകരിച്ചിരുന്നു. ഈ ശൃംഖലയ്‌ക്ക് പുറത്ത് ചികിത്സ വേണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണമെന്നായിരുന്നു വ്യവസ്ഥ.

''ഭിന്നശേഷിക്കാരോടു കടുത്ത ക്രൂരതയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാണിച്ചത്. കമ്പനികൾക്കുള്ള കുടിശ്ശിക ഉടൻ കൊടുത്ത് ഇൻഷ്വറൻസ് പരിരക്ഷ പുനഃസ്ഥാപിക്കണം. ഈ ആവശ്യമുന്നയിച്ച് ഇന്ന് മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിമാരെയും കണ്ട് നിവേദനം നൽകും.

- രാജീവ് പള്ളുരുത്തി, ആൾ കേരള വീൽചെയർ റൈറ്റ്

ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി