kerala

തലശ്ശേരി: കേണൽ സി.കെ.നായിഡു ട്രോഫി അണ്ടർ - 23 ക്രിക്കറ്റ് ടൂർണമെന്റിൽ ആതിഥേയരായ കേരളത്തിന് വിദർഭയ്ക്കെതിരെ 29 റൺസിന്റെ വിജയം. ചതുർദിന മത്സരത്തിന്റെ അവസാനദിവസമായ ഇന്നലെ ക്രീസിലിറങ്ങിയപ്പോൾ വിദർഭയ്ക്ക് ജയിക്കാൻ 9 വിക്കറ്റ് അവശേഷിക്കെ 259 റൺസ് വേണമായിരുന്നു. തുടക്കത്തിൽ തന്നെ വിദർഭയ്ക്ക് രണ്ട് വിക്കറ്റ് കൂടി നഷ്ടമായെങ്കിലും ക്യാപ്ടൻ മോഹിത് കാലിയുടെയും (65) എം.ആർ.റാവുത്തിന്റെയും (76) 123 റൺസിന്റെ നാലാംവിക്കറ്റ് കൂട്ടുകെട്ട് വിജയപ്രതീക്ഷ നൽകി. ഡാരിൽ എസ്. ഫെരാരിയോയുടെ പന്തിൽ എം.ആർ.റാവുത്ത് ഔട്ടായതോടെ കളി കേരളത്തിന് അനുകൂലമായി മാറുകയായിരുന്നു. കെ.എൻ.ഹരികൃഷ്ണന്റെ പന്തിൽ ക്യാപ്ടൻ മോഹിത് കാലി കൂടി പുറത്തായതോടെ കേരളം വിജയം ഉറപ്പിച്ചു.

കേരളത്തിന് വേണ്ടി എൻ.പി.ബാസിൽ 71 റൺസിന് 4 വിക്കറ്റും കെ.എൻ.ഹരികൃഷ്ണൻ 36 റൺസിന് 2 വിക്കറ്റും വീഴ്ത്തി. കേരളത്തിന്റെ അടുത്ത മത്സരം 22 മുതൽ 25 വരെ ചത്തീസ്‌ഗഢുമായാണ്.