കണ്ണൂർ: ശബരിമലയിൽ അക്രമം നടത്തിയത് ബി.ജെ.പിയാണെന്ന് ശ്രീധരൻ പിള്ള പച്ചയായി പറഞ്ഞിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ എൽ.ഡി.എഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ സ്ട്രാറ്റജിയാണ് നടപ്പിലാക്കിയത്. ഇക്കാര്യം ശ്രീധരൻ പിള്ള ഇടക്കിടെ പറയുന്നുണ്ട്. ശ്രീധരൻ പിള്ളയുടെ പ്രസ്താവനയോടെ ശബരിമലയിൽ ആർ.എസ്.എസ് എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തമായിരിക്കയാണ്.

സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിയെയും രാജകുടുംബത്തെയും സർക്കാർ ക്ഷണിച്ചിരുന്നു. അവർ വരും എന്നാണ് പ്രതീക്ഷിച്ചത്. ഇപ്പോൾ അവർ വരാത്തതു എന്തുകൊണ്ടാണെന്ന് മനസ്സിലായി. ബി.ജെ.പിയുടെ അജൻഡകൾ നടപ്പിലാക്കുന്ന ആളുകളായി ഇവരെ മാറ്റി എന്നാണ് ശ്രീധരൻ പിള്ള പറയുന്നതെന്നും പിണറായി പറഞ്ഞു.

ശബരിമലയിലെ ഭണ്ഡാരത്തിൽ പണം ഇടരുത് എന്നു പറയുന്ന ആർ.എസ്.എസ് ഗുരുവായൂരിലും സമാനമായ രീതിയിൽ സമരം നടത്തിയിരുന്നു. ഒടുവിൽ ജനം ഇടപെട്ടതോടെ എല്ലാം പൂട്ടിക്കെട്ടി അവർക്ക് പോകേണ്ടി വന്നതും ഓർക്കേണ്ടതാണ്.

കേരളത്തിൽ ഏതെല്ലാം പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നോ അവരിൽ ഒരു കൂട്ടരൊഴിച്ച് മറ്റെല്ലാവരും നവോത്ഥാന മുന്നേറ്റത്തിനായി പോരാടിയവരാണ്. ഒരു കൂട്ടർ എന്നത് ആർ.എസ്.എസ് ആണ്. ചാതുർവർണ്യവ്യവസ്ഥയെ അംഗീകരിച്ചവരാണ് അവർ. നവോത്ഥാന മുന്നേറ്റങ്ങളിലും സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിലും ഒരു പങ്കും അവർ വഹിച്ചിരുന്നില്ല. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനെതിരെ ഗൂഢാലോചന നടത്താൻ തയ്യാറായിരുന്നവർ കൂടിയാണ് ആർ.എസ്.എസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.കെ. ശൈലജ, എ.കെ. ശശീന്ദ്രൻ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, നീലലോഹിത ദാസൻ നാടാർ, പി.കെ. ശ്രീമതി എം.പി, ടി.സി.എച്ച്. വിജയൻ, വി.കെ. കുഞ്ഞിരാമൻ, സി.എൻ. ചന്ദ്രൻ, അഡ്വ. എ.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു. എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി. സഹദേവൻ സ്വാഗതം പറ‌ഞ്ഞു.