കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള മൂന്നുകോടിയുടെ കുടിവെള്ള പദ്ധതിയുടെ മാർഗ്ഗ തടസ്സങ്ങൾ വഴിമാറുന്നു. 2015 ലാണ് എം.എൽ.എ വികസനപദ്ധതിയിൽപെടുത്തി ഒരുകോടി രൂപയും ജില്ലാ പഞ്ചായത്ത് രണ്ട് കോടിയും കുടിവെള്ള പദ്ധതിക്കായി അനുവദിച്ചത്.
നഗരസഭയിൽ 12ാം വാർഡിൽ മുട്ടുച്ചിറയിൽ പരത്തിപ്പുഴയോട് ചേർന്ന് ഇതിനായി കിണർ കുഴിക്കാനും കിണറിൽ നിന്നുള്ള വെള്ളം പൈപ്പ് ലൈൻ വഴി കാരാട്ടുവയലിൽ ജില്ലാ ആശുപത്രിയുടെ കിണറിൽ എത്തിക്കാനുമായിരുന്നു പദ്ധതി. ഇതിനായി വൻതോതിൽ പൈപ്പുകൾ വാങ്ങിക്കൂട്ടുകയും ചെയ്തു. എന്നാൽ നാട്ടുകാർ എതിർത്തതോടെ പദ്ധതി അനിശ്ചിതത്വത്തിലാവുകയായിരുന്നു. മുട്ടുച്ചിറയിൽ നിന്ന് നിലവിൽ തോടുവഴി കാരാട്ടുവയലിലേക്ക് വെള്ളം എത്തുന്നുമുണ്ട്. ഈ കനാലിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. ഇതിലാണ് നാട്ടുകാർക്ക് സംശയം ഉടലെടുത്തത്. കാലങ്ങളായി വെള്ളംഒഴുകിപ്പോകുന്ന കനാലിരിക്കെ അതിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെയാണ് നാട്ടുകാർ ചോദ്യംചെയ്തത്.
കഴിഞ്ഞ മൂന്നു വർഷമായി ഈ വിഷയത്തിൽ ചർച്ച അലസിപ്പോവുകയായിരുന്നു. പൈപ്പ് ലൈൻ വഴി തന്നെ വെള്ളം പോകണമെന്ന് ഉദ്യോഗസ്ഥരും കനാൽ വഴിതന്നെ പോകണമെന്ന് നാട്ടുകാരും നിർബന്ധം പിടിക്കുകയായിരുന്നു. ഈ ഒരു തർക്കത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടർ ഡി. സജിത് കുമാർ പ്രശ്നത്തിൽ ഇടപെടുകയും കനാൽവഴി വെള്ളം കൊണ്ടുപോകാമെന്ന് സമ്മതിക്കുകയുമായിരുന്നു. ഈ സാമ്പത്തികവർഷം അവസാനിക്കുന്നതിനു മുമ്പെ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
വി വിധ ഡിപ്പാർട്ടുമെന്റുകൾ പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയിൽ വൻ തോതിൽ വെള്ളം ആവശ്യമാണ്.