കാസർകോട്: ഫർണിച്ചർ വ്യാപാരിയെ നഗ്ന വീഡിയോ എടുത്ത് ബ്ലാക്മെയിൽ ചെയ്ത് ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച കേസിൽ യുവതിക്കു പിന്നാലെ മുഖ്യപ്രതിയുടെ സുഹൃത്തിനെയും പൊലീസ് പിടികൂടി. തൃശൂർ കൂർക്കഞ്ചേരി സ്വദേശി ആഷിഖിനെ (34)യാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്.
ആഷിഖ് ഉപയോഗിച്ച് വന്നിരുന്ന ഇന്നോവ കാർ കസ്റ്റഡിയിലെടുത്തു. ഇത് എട്ടു മാസം മുമ്പ് എറണാകുളത്തുനിന്നും കാണാതായതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ മുഖ്യപ്രതിക്ക് വേണ്ടി വലവിരിച്ചു കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
തച്ചങ്ങാട്ടെ ഫർണിച്ചർ വ്യാപാരിയും ബോവിക്കാനം സ്വദേശിയുമായ ഫൈസലിനെ യുവതിക്കൊപ്പം നിർത്തി നഗ്നചിത്രവും വീഡിയോയും എടുത്ത് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ നുള്ളിപ്പാടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുൽ കലാമിന്റെ ഭാര്യ നസീമയെ (32)യെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
മുഖ്യപ്രതി അബ്ദുൽ കലാമിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതോടെ പ്രതി ഒളിത്താവളങ്ങൾ മാറ്റി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇതിനിടെയാണ് നുള്ളിപ്പാടിയിൽ വെച്ച് കൂട്ടുപ്രതി ആഷിഖിനെ പൊലീസ് അറസ്റ്റു ചെയ്തത്.