കണ്ണൂർ: ജില്ലാ ആശുപത്രിയിലെ ലേബർ റൂം സംവിധാനം ജനുവരിയോടെ 'ലക്ഷ്യ' പദ്ധതിപ്രകാരം ദേശീയ നിലവാരത്തിലേക്ക് എത്തിക്കും. മികച്ച പ്രസവമുറിയും അനുബന്ധസൗകര്യങ്ങളും ആധുനിക ശസ്ത്രക്രിയാ തീയേറ്ററുമാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. രോഗിയുടെ കൂട്ടിരിപ്പുകാർക്കുള്ള സൗകര്യങ്ങളും മെച്ചപ്പെടുത്തും.
ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തി. ദേശീയ നിലവാരമനുസരിച്ചുള്ള സൗകര്യങ്ങളിൽ 80 ശതമാനമെങ്കിലും നിലവിൽ ആശുപത്രിയിലുണ്ടെന്ന് സൂപ്രണ്ട് ഡോ. വി കെ രാജീവൻ അറിയിച്ചു.
3.25 കോടി രൂപയുടെ പദ്ധതികളാണ് 'ലക്ഷ്യ' യുടെ ഭാഗമായി അനുവദിച്ചിട്ടുള്ളത്. മാസത്തിൽ ശരാശരി 500 പ്രസവം നടക്കുന്നുണ്ട് ജില്ലാ ആശുപത്രിയിൽ. ജില്ലാ ആുശുപത്രി മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പ്രവൃത്തികൾ ഡിസംബറോടെ ആരംഭിക്കും.
സാങ്കേതിക ടെൻഡർ നവംബർ 13ന് തുറക്കും. 20 ന് സാമ്പത്തിക ടെൻഡറിന്റെ നടപടികളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി ടി.ബി വാർഡ് മാറ്റുന്നത് അടിയന്തരമായി പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി.
രക്തബാങ്ക് മാറ്റുന്ന പ്രവൃത്തി നടന്നുവരികയാണ്. ഇത് നവംബറിൽ തീരും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ജില്ലാ കളക്ടർ മീർ മുഹമ്മദലി, ഡി.എം.ഒ ഡോ. കെ. നാരായണ നായിക്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോജക്ട് മാനേജർ ഡോ.കെ.വി. ലതീഷ് തുടങ്ങിയവർ സംബന്ധിച്ചു.