ഒ.സി.മോഹൻരാജ്
കണ്ണൂർ: മലബാറിന്റെ സ്വപ്നപദ്ധതിയായ തലശേരി- മൈസൂരു റെയിൽപാതയ്ക്ക് ആവശ്യമായ റെയിൽവെ ലൈനും സ്ഥലവും ഇല്ലെന്ന് പറഞ്ഞ് ദക്ഷിണ റെയിൽവെ അധികൃതർ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വീണ്ടും റിപ്പോർട്ട് നൽകി.
മതിയായ റെയിൽവെ ലൈനില്ലെങ്കിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഇതോടെ തലശേരി- മൈസൂരു പദ്ധതി ചുരുട്ടിക്കെട്ടി മൂലയ്ക്ക് വെക്കേണ്ടിവരുമെന്ന അവസ്ഥയിലാണ്. മലബാറിൽ നിന്നുള്ള ജനപ്രതിനിധികളുടെ സമ്മർദം ദുർബലമായതും പദ്ധതിക്ക് തടസമായി.
റെയിൽവെ വികസന പദ്ധതികളുടെ കൺസൾട്ടന്റ് നിയമനത്തിൽ തീരുമാനമാകാത്തത് നേരത്തെ തലശേരി- മൈസൂരു റെയിൽപാതയ്ക്ക് തിരിച്ചടിയായിരുന്നു. പാതയുമായി ബന്ധപ്പെട്ട് വീണ്ടും സർവേ തുടങ്ങിയെങ്കിലും ഒരിഞ്ച് മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ.
കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷനെ പദ്ധതിയുടെ ജനറൽ കൺസൾട്ടന്റാക്കാൻ ശ്രമിച്ചെങ്കിലും റെയിൽവെ അധികൃതർ തമ്മിലുണ്ടായ ശീതസമരത്തെ തുടർന്നാണ് അനിശ്ചിതത്വത്തിലായത്.
തലശേരി- മൈസൂരു റെയിൽപാത യാഥാർഥ്യമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിൽ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലം കണ്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനും റെയിൽവെ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനിയും ഏതാനും മാസങ്ങൾക്കുമുമ്പ് നടത്തിയ ചർച്ചയിൽ സംസ്ഥാനത്തിന്റെ വികസനത്തിന് കരുത്തേകുന്ന ഒട്ടേറെ തീരുമാനങ്ങൾ അംഗീകരിച്ചിരുന്നുവെങ്കിലും ബഡ്ജറ്റിൽ ഇതൊന്നും ഉൾക്കൊള്ളിച്ചിരുന്നില്ല.
കഴിഞ്ഞ ഡിസംബർ 31ന് മുമ്പ് തലശ്ശേരി - മൈസൂരു റെയിൽപാത സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി റെയിൽവേക്ക് സമർപ്പിക്കാൻ ചെയർമാൻ നിർദ്ദേശിച്ചിരുന്നു. 247 കി.മീറ്റർ ദൂരം വരുന്ന പുതിയ റെയിൽപാതക്ക് 3209 കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്.
റെയിൽവെ അംഗീകരിച്ചാൽ 2024ൽ പദ്ധതി പൂർത്തിയാക്കാമെന്നും ധാരണയായതാണ്. പാതയ്ക്കായി ഇതിനകം നാലുതവണയാണ് സർവേ നടന്നത്.