ഇരിട്ടി: കണ്ണൂർ വിമാനത്താവളത്തോടു ചേർന്ന പ്രദേശങ്ങളിൽ പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഇതിനായി 5000 ഏക്കർ ഭൂമി ഏറ്റെടുക്കും.
പായം പഞ്ചായത്തിലെ ഷോപ്പിംഗ് കോംപ്ലക്സ് കം മൾട്ടിപ്ലക്സ് തീയേറ്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യവസായികൾ ഭൂമി കണ്ടെത്തിയാൽ ഉടമകളുമായി സംസാരിക്കാൻ സർക്കാർ തയ്യാറാണ്. വിപുലമായ വ്യവസായങ്ങൾക്ക് കിൻഫ്ര ഏറ്റെടുത്ത ഭൂമി വിട്ടുനൽകാനും കഴിയും.
പുതിയ വ്യവസായങ്ങളിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കാർഷിക മേഖലകളിൽ റബ്ബർ അധിഷ്ഠിത വ്യവസായം ആരംഭിക്കുന്നതിനും ധാരാളം നെൽകൃഷി ഉൽപ്പാദിപ്പിക്കുന്നിടങ്ങളിൽ പുതിയ റൈസ് മില്ലുകൾ തുടങ്ങുന്നതിനും നടപടികൾ സ്വീകരിച്ചുവരികയാണ്.തൊഴിലുറപ്പ് പദ്ധതികൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. 700 കോടി ചെലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുവദിച്ച 57 ഇൻഡോർ സ്റ്റേഡിയങ്ങളുടെ പ്രവർത്തികൾ നടന്നുവരികയാണ്. ഈ പദ്ധതിയിൽ പായം പഞ്ചായത്തിനെക്കൂടി ഉൾപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 89 സെന്റ് സ്ഥലത്താണ് ഏഴ് കോടി രൂപ ചെലവിൽ അഞ്ചുനില കെട്ടിടം പണിയുന്നത്. ഇതിന്റെ രണ്ടും മൂന്നും നിലകൾ ചലച്ചിത്ര വികസന കോർപ്പറേഷന് വിട്ടു നൽകും. 10 കോടി രൂപ മുടക്കിയാണ് കോർപ്പറേഷൻ ഇവിടെ മൾട്ടി പ്ലക്സ് തീയേറ്ററുകൾ ഒരുക്കുക. ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. റോസമ്മ, പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സാവിത്രി തുടങ്ങിയവർ സംബന്ധിച്ചു.