കണ്ണൂർ: പത്താം കേരള വെറ്ററിനറി സയൻസ് കോൺഗ്രസ് 10, 11 തീയതികളിൽ കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിൽ സംഘടിപ്പിക്കും. വെറ്ററിനറി മേഖലയിലെ ഫീൽഡ്തല കണ്ടെത്തലുകൾ, നൂതന ആശയങ്ങൾ, വളർത്തു മൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും ആരോഗ്യ പരിരക്ഷ, മൃഗങ്ങളുടെ ശാസ്ത്രീയ പരിപാലനവും ഉത്പാദനം വർദ്ധിപ്പിക്കലും എന്നീ നാല് പ്രധാന മേഖലകൾ കൂടാതെ സ്‌പെഷ്യൽ കർഷക സെഷനും സംഘടിപ്പിക്കുന്നുണ്ട്.
രണ്ടുദിവസത്തെ സയൻസ് കോൺഗ്രസിൽ 163 പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂടിയതോതിലുള്ള ആന്റിബയോട്ടിക് റസിസ്റ്റൻസ്, നിപ വൈറസ് ബാധ മൂലമുള്ള പ്രശ്‌നങ്ങൾ, ആരോഗ്യ മേഖലയിലും ഉത്പാദന മേഖലയിലും പ്രളയാനന്തരം ഉണ്ടായിട്ടുള്ള പ്രതിസന്ധികൾ എന്നിവ ചർച്ചാ വിഷയങ്ങളാകും. രാജ്യത്തിനകത്തും പുറത്തും നിന്നായി 300 ലധികം പ്രതിനിധികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഡോ. പി. പ്രശാന്ത്, ഡോ പി. സരിക, ഡോ. പി.കെ. പത്മരാജ്, ഡോ. വി .പ്രശാന്ത് എന്നിവർ പങ്കെടുത്തു.