കാഞ്ഞങ്ങാട്: കേന്ദ്രസർവ്വകലാശാലയുടെ ഭാഗമായി പെരിയയിൽ ശുപാർശ ചെയ്ത മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാൻ സെൻട്രൽ യൂണിവേഴ്സിറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി തുടർനടപടികൾ ത്വരിതപ്പെടുത്തണമെന്ന് മെഡിക്കൽകോളേജ് ആക്ഷൻ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. എയിംസിന് (ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ്) കേരളത്തിൽ സാധ്യതയില്ലാത്ത സാഹചര്യത്തിൽ കേന്ദ്ര സർവകലാശാലയുടെ കീഴിലുള്ള മെഡിക്കൽ കോളേജ് അനുവദിച്ചു കിട്ടാൻ കേന്ദ്രസംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്താൻ മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.
കാഞ്ഞങ്ങാട് റസ്റ്റ്ഹൗസിൽ ചേർന്ന യോഗം ചെയർമാൻ പി.കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, നഗരസഭാ ചെയർമാൻ വി.വി.രമേശൻ, ജോർജ്ജ് പൈനാപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ്-ബി.ജെ.പി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല.
പരീക്ഷ ലോഡ്ജിൽ എഴുതിയ വിദ്യാർത്ഥിക്കും സഹായിക്കുമെതിരെ കുറ്റപത്രം
കാഞ്ഞങ്ങാട്: യൂണിവേഴ്സിറ്റി പരീക്ഷ ലോഡ്ജിൽ എഴുതിയ വിദ്യാർത്ഥിക്കും, ഒത്താശ ചെയ്ത കോളേജ് ജീവനക്കാരനുമെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പടന്നക്കാട് നെഹ്റു കോളേജിലെ ബി.കോം വിദ്യാർത്ഥി നീലേശ്വരം കിഴക്കൻകൊഴുവലിലെ എ.വി. ലിജുരാജ് (20), കോളേജിലെ ക്ലർക്ക് കോട്ടച്ചേരി പുതിയവളപ്പിലെ പി.വി. ശങ്കരൻ (46) എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യിൽ കുറ്റപത്രം സമർപ്പിച്ചത്. 2009 ഡിസംബർ 17നാണ് കേസിനാസ്പദായ സംഭവം. കണ്ണൂർ യൂണിവേഴ്സിറ്റി ബി.കോം സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരമെഴുതേണ്ട പേപ്പറും ശങ്കരൻ രഹസ്യമായി ലിജുരാജിന് ലോഡ്ജ് മുറിയിൽ എത്തിക്കുകയായിരുന്നു. അന്നത്തെ പരീക്ഷാ വിഭാഗം തലവൻ ഡോ.എ. മുരളീധരൻ അറിയാതെയായിരുന്നു ഇത്. നേരത്തെ കുറ്റപത്രം കോടതി മടക്കിയിരുന്നു. അപാകതകൾ പരിഹരിച്ച് വീണ്ടും കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.