ഉദിനൂർ സുകുമാരൻ
കാസർകോട്: ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഇനിയും പൂർത്തിയാകാത്ത ശിൽപം കേരളത്തിന്റെ വിഖ്യാതശിൽപി കാനായി കുഞ്ഞിരാമനെ കാത്തിരിക്കുകയാണ്. ശിൽപം മനോഹരമായി പൂർത്തിയാക്കാൻ കാനായി കുഞ്ഞിരാമൻ കാസർകോട് വരുന്നതും കാത്തിരിപ്പാണ് കലയെ സ്നേഹിക്കുന്നവരും ഭരണാധികാരികളും. എൻഡോസൾഫാൻ ദുരന്ത സ്മാരകമായി ദുരിതബാധിതയായ അർദ്ധനഗ്ന രൂപത്തിലുള്ള അമ്മയും കുഞ്ഞുമാണ് ശിൽപത്തിന്റെ മാതൃക.
10 വർഷം മുമ്പ് കോൺക്രീറ്റിൽ പണിയാൻ തുടങ്ങിയ ശിൽപം പകുതിയായപ്പോൾ നിലച്ചുപോയതാണ്. അതിൽപിന്നീട് ശിൽപം പണി പൂർത്തിയാക്കാൻ കാനായി കുഞ്ഞിരാമൻ കാസർകോട് വന്നില്ല. പക്ഷികൾ കാഷ്ഠിച്ചും കാടുമൂടിയും വികൃതമായ നിലയിലുള്ള ശിൽപം ജില്ലാ പഞ്ചായത്ത് ഓഫിസിനു മുമ്പിൽ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.
ശിൽപം പൂർത്തിയാക്കാൻ ശിൽപി വരാതിരുന്നതോടെ, വീടു പണിയുന്നത് പോലെ മറ്റാരെയെങ്കിലും വെച്ച് ചെയ്തോളാം എന്ന ഒരു ജനപ്രതിനിധിയുടെ പ്രതികരണം ശില്പിയുടെ മനസിനെ മുറിവേല്പിച്ചുവെന്നും അതിന്റെ വാശിയിലാണ് ശിൽപ നിർമ്മാണത്തിൽ നിന്ന് അദ്ദേഹം പിൻവാങ്ങിയതെന്നും സംസാരമുണ്ട്.
കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ നിരവധി തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, മുൻസെക്രട്ടറി രാജ്മോഹൻ എന്നിവർ കാനായിയെ നേരിൽ ചെന്നുകണ്ട് ശിൽപം പൂർത്തിയാക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
പ്രതിമ നിർമ്മിച്ചു തുടങ്ങിയത് കാനായി ആയതുകൊണ്ട് മറ്റാരെയെങ്കിലും കൊണ്ടുവന്ന് ശിൽപം പൂർത്തിയാക്കാനും കഴിയാത്ത ധർമ്മ സങ്കടത്തിലാണ് ഭരണം നടത്തുന്നവരുള്ളത്.
ഇപ്പോൾ തോന്നക്കലിൽ മഹാകവി കുമാരനാശാന്റെ പ്രതിമ നിർമ്മാണം കഴിഞ്ഞയുടനെ കാനായി എത്തുമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ടെങ്കിലും വരുമോയെന്ന് കണ്ടറിയണം. അദ്ദേഹത്തിന് സമയക്കുറവുണ്ടെങ്കിൽ കാനായി തന്നെ മറ്റൊരു ശിൽപിയെ ഏല്പിച്ചാലും മതിയെന്ന ധാരണയിലാണ് അധികൃതർ.
നിർമ്മാണം
തുടങ്ങിയത് 2009ൽ
ഇപ്പോഴത്തെ സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ പ്രസിഡന്റ് ആയിരുന്ന കാലത്താണ് 20 ലക്ഷം രൂപ ചിലവിൽ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ശിൽപം ഒരുക്കാൻ തീരുമാനം എടുത്തത്. 2009 ൽ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും 10 ലക്ഷം രൂപ സംഭവനയായും കണ്ടെത്താനായിരുന്നു ധാരണ. കാനായിക്ക് പണിത ജോലിയുടെ പ്രതിഫലം നൽകിയിട്ടുണ്ടെങ്കിലും ശിൽപം പൂർത്തിയാക്കാൻ കൂടുതൽ തുക വകയിരുത്തേണ്ടിവരും.