കാസർകോട്: സംസ്ഥാന ധനകാര്യ വകുപ്പിന്റെ പച്ചക്കൊടി ലഭിച്ചതിനെ തുടർന്ന് എൻഡോസൾഫാൻ ദുരിതബാധിതരുടെ ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഒക്ടോബർ 25ന് അവസാനിച്ച മൊറട്ടോറിയം ആറുമാസത്തേക്കു കൂടിയാണ് നീട്ടിയത്.
'കേരളകൗമുദി' വാർത്തയെ തുടർന്നാണ് കടക്കെണിയിൽ അകപ്പെട്ട നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന സർക്കാർ നടപടി. ബാങ്ക് വായ്പയെടുത്തവരുടെ തിരച്ചടവിന് മൊറട്ടോറിയം ഏർപ്പെടുത്തിയില്ലെങ്കിൽ ദുരിതബാധിതർ കൂടുതൽ കഷ്ടത്തിലാകുമെന്ന് വാർത്തയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
മൊറട്ടോറിയം നിലവിലുള്ളപ്പോൾ തന്നെ ചില ബാങ്കുകാർ ജപ്തി നടപടി സ്വീകരിക്കാൻ നീക്കം നടത്തിയിരുന്നു. വാണിജ്യബാങ്കുകളുടെ നടപടി കടുത്ത പ്രതിഷേധത്തിനും കാരണമായിരുന്നു. ഒക്ടോബർ 25ന് വായ്പകൾക്കുള്ള മൊറട്ടേറിയം അവസാനിച്ചതിനാൽ വാണിജ്യ ബാങ്കുകൾ ജപ്തി നടപടികളിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലായിരുന്നു ദുരിതബാധിതർ.
മൊറട്ടോറിയം ദീർഘിപ്പിച്ചതോടെ അവരുടെ ആശങ്കയ്ക്ക് വിരാമമായി. മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം ജില്ലാ കളക്ടർ ബാങ്ക് മേലധികാരികളുടെ യോഗം വിളിച്ചു അഭിപ്രായം ആരാഞ്ഞിരുന്നു.
ഈ യോഗത്തിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതിനുശേഷമാണ് ധനകാര്യ വകുപ്പ് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ഒക്ടോബർ 27 മുതൽ ആറുമാസത്തേക്കാണ് മൊറട്ടോറിയം.