തൃക്കരിപ്പൂർ: മാണിയാട്ട് കോറസ് കലാസമിതിയുടെ ഏഴാമത് എൻ.എൻ പിളള സ്മാരക നാടക മത്സരം 14 മുതൽ 22 വരെ മാണിയാട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ കലാസമിതിയുടെ എട്ടു നാടകങ്ങൾക്കു പുറമെ ഒരു പ്രദർശന നാടകവും അരങ്ങേറും. 14 ന് വൈകുന്നേരം 7ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി ജയരാജൻ, പി. കരുണാകരൻ എം.പി, എം. രാജഗോപാലൻ എം.എൽ.എ, സിനിമാരംഗത്തെ പ്രമുഖരായ വിജയരാഘവൻ, ഇന്ദ്രൻസ്, ടൊവിനോ തോമസ്, ആർട്ടിസ്റ്റ് സുജാതൻ പരിപാടിയിൽ പങ്കെടുക്കും. ചടങ്ങിൽ മൂന്നാമത് എൻ.എൻ പിള്ള സ്മാരക പുരസ്കാരം നടൻ ജനാർദ്ദനന് സമർപ്പിക്കും.
17 നു നടക്കുന്ന ചടങ്ങിൽ എൻ.എൻ പിള്ള സ്മാരക മന്ദിരത്തിനും പാലിയേറ്റിവ് സൊസൈറ്റിക്കും വേണ്ടി പണിത കെട്ടിടത്തിന്റെ ഉദ്ഘാടനവും നടക്കും. പരിപാടിയുടെ ഭാഗമായുള്ള നാടകജ്യോതി 14 നു വൈകുന്നേരം നാലിന് ഓലാട്ട് നാരായണ സ്മാരക ഗ്രന്ഥാലയ പരിസരത്തു നിന്നും പ്രയാണം ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. നാരായണൻ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം സംഘചേതനയുടെ കടുകോളം വലുത്, അമ്പലപ്പുഴ സാരഥിയുടെ കപടലോകത്തെ ശരികൾ, കൊച്ചിൻ നടനയുടെ നോട്ടം, വടകര കാഴ്ചയുടെ ഓലപ്പുര, കായംകുളം ദേവയുടെ ഇമ്മിണി വല്യ ഒന്ന്, തിരുവനന്തപുരം സംസ്കൃതിയുടെ വൈറസ്, കൊല്ലം അസീസിയുടെ ഓർക്കുക വല്ലപ്പോഴും, ഓച്ചിറ തരംഗത്തിന്റെ ഇവൻ നായിക, കായംകുളം സപര്യയുടെ ദൈവത്തിലിന്റെ പുസ്തകം എന്നീ നാടകങ്ങൾ അരങ്ങേറും. വാർത്താ സമ്മേളനത്തിൽ ടി.വി ബാലൻ, തമ്പാൻ കീറി, സി. നാരായണൻ, എ.കെ ഭാസ്കരൻ, കെ.വി ഭാസ്കരൻ, അനേഷ് പങ്കെടുത്തു.