കാസർകോട്: ശബരിമലയെ തകർക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ ഗൂഢാലോചനയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയും ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന എൻ.ഡി.എ ശബരിമല സംരക്ഷണ രഥയാത്ര ഇന്നു രാവിലെ മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രസന്നിധിയിൽ നിന്നു പ്രയാണം തുടങ്ങും. ഈ മാസം 13ന് ശബരിമലയിൽ സമാപിക്കും
രഥയാത്രയുടെ ഉദ്ഘാടനം കർണാടക പ്രതിപക്ഷ നേതാവ് ബി.എസ്. യെദിയൂരപ്പ നിർവഹിക്കും. നവീൻകുമാർ കട്ടീൽ എം.പി, കർണാടക എം.എൽ.എ കോട്ട ശ്രീനിവാസ് എന്നിവർ മുഖ്യാതിഥികളാകും.
ഉദ്ഘാടന സമ്മേളനത്തിൽ ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറിമാരായ അരയാക്കണ്ടി സന്തോഷ്, ടി.വി. ബാബു, സുഭാഷ് വാസു, വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, കാസർകോട് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട, കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്, കെ. പൊന്നപ്പൻ, ബി.ജെ.പി നേതാക്കളായ കെ. സുരേന്ദ്രൻ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, ടി.എം. വേലായുധൻ, പി.കെ കൃഷ്ണദാസ്, കെ.പി. ശ്രീശൻ, സി.കെ. പത്മനാഭൻ, കാസർകോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ജനറൽ സെക്രട്ടറിമാരായ എ. വേലായുധൻ, പി. രമേശ് തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന രഥയാത്ര ഉദ്ഘാടന ചടങ്ങുകൾക്കും പൊതുസമ്മേളനത്തിനും ശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ കാസർകോട്ടെത്തും. കാസർകോട് നഗരം പ്രദക്ഷിണം ചെയ്യുന്ന രഥയാത്ര മൂന്ന് മണിയോടെ നീലേശ്വരത്ത് എത്തിച്ചേരും. മധൂരിലും നീലേശ്വരത്തും മാത്രമാണ് പൊതുസമ്മേളനങ്ങൾ നടക്കുക. തുടർന്ന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. പയ്യന്നൂരിലാണ് ആദ്യദിവസത്തെ സമാപനം.
ബി.ഡി.ജെ.എസ് സംസ്ഥാന ഭാരവാഹികൾ അനുഗമിക്കും