കാഞ്ഞങ്ങാട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് 20ന് ഉദ്ഘാടനം ചെയ്യും. നഗരസഭയിൽ മറ്റ് ആറു പദ്ധതികളുടെ കൂടി ഉദ്ഘാടനം അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനവും അന്ന് കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
നഗരസഭയിലെ ഉദ്ഘാടനങ്ങൾ വൻ ജനപങ്കാളിത്തത്തോടെ നടത്താനാണ് ഭരണസമിതി ആലോചിക്കുന്നത്. ഇതിനായുള്ള സംഘാടകസമിതി രൂപീകരണം 14 ന് മുനിസിപ്പൽ ടൗൺ ഹാളിൽ വിളിച്ചു ചേർത്തിട്ടുണ്ട്. 108 കട മുറികളും 12 ശുചിമുറികളും അടങ്ങുന്നതാണ് ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് കെട്ടിടം. സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ ഷീ ലോഡ്ജും ഒരുക്കിയിട്ടുണ്ട്.
വിശാലമായ ബസ് പാർക്കിംഗ് യാർഡും ബസ്സുകൾക്ക് പ്രത്യേകം ട്രാക്കുമുണ്ട്. ഇതിനു പുറമെ വൈഫൈ സംവിധാനം ലൈബ്രറി, മുലയൂട്ടൽ കേന്ദ്രം എന്നിവയും ഒരുക്കിയിട്ടുണ്ട്.
സ്റ്റാൻഡ് ഉദ്ഘാടനത്തിനു പുറമെ വാഴുന്നോറടി കുടിവെള്ള പദ്ധതി, ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ, ട്രഞ്ചിംഗ് ഗ്രൗണ്ട് വൈവിധ്യവത്കരണം തുടങ്ങിയവയാണ് ഉദ്ഘാടനത്തിന് കാത്തുനിൽക്കുന്ന മറ്റ് പദ്ധതികൾ .