കണ്ണൂർ : ഭിന്നശേഷിക്കാരുടെ സുരക്ഷാപദ്ധതി പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തിയുടെ നേതൃത്വത്തിൽ ആൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ പ്രവർത്തകർ ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയതിനെ തുടർന്നാണിത്. സംസ്ഥാനത്തെ എട്ടുലക്ഷത്തോളം ഭിന്നശേഷിക്കാർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി നിറുത്തലാക്കിയ വാർത്ത കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.
വീൽചെയറിലിരിക്കുന്നവരുടെ സംഘടനയായ ആൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ കേരളത്തിന്റെ പ്രളയാനന്തര പുനർനിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവനയും മുഖ്യമന്ത്രിക്ക് കൈമാറി. വീൽചെയറിലിരിക്കുന്ന സംഘടനയിലെ അംഗങ്ങൾക്ക് സർക്കാർ നൽകുന്ന ക്ഷേമപെൻഷനിൽ നിന്നും, വീട്ടിലിരുന്ന് ചെയ്യുന്ന സ്വയംതൊഴിലിലൂടെ ലഭിച്ച ചെറിയ വരുമാനത്തിലൂടെയുമാണ് നവകേരള നിർമ്മിതിക്കുള്ള സംഭാവന സമാഹരിച്ചത്.
വർക്കിംഗ് പ്രസിഡന്റ് കെ. വാസുണ്ണി പട്ടാഴി, ട്രഷറർ സക്കീർ ഹുസൈൻ, വൈസ് പ്രസിഡന്റുമാരായ സി.സി. നാസർ, രാജേഷ് നെടിയന്തല, ജോമി ജോൺ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
ക്ഷേമപെൻഷനായി നിശ്ചയിച്ചിട്ടുള്ള പുതിയ അർഹതാമാനദണ്ഡങ്ങൾ പരാശ്രിതരായി ജീവിക്കുന്ന ഭിന്നശേഷിക്കാർക്ക് ബാധകമാക്കരുതെന്ന് അഭ്യർത്ഥിച്ചുള്ള നിവേദനവും പ്രതിനിധിസംഘം മുഖ്യമന്ത്രിക്കും വിവിധ വകുപ്പ് മന്ത്രിമാർക്കും നൽകി.