കാസർകോട്: യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച് നിർമ്മാണം തുടങ്ങിയ ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് പാതിവഴിയിൽ ഉപേക്ഷിക്കണമെന്ന പി.കരുണാകരൻ എം.പി യുടെ നിലപാടിൽ സി.പി.എം നേതൃത്വം നയം വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്‌മാൻ ആവശ്യപ്പെട്ടു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് മതിയായ ചികിത്സ സൗകര്യമേർപ്പെടുത്തണമെന്ന ആലോചനയുടെ ഭാഗമായാണ് ബദിയടുക്ക ഉക്കിനടുക്കയിൽ മെഡിക്കൽ കോളേജ് നിർമ്മിക്കാൻ തീരുമാനിച്ചത്. പ്രവൃത്തി ആരംഭിച്ച് മൂന്നു വർഷം പിന്നിട്ടപ്പോഴാണ് മെഡിക്കൽ കോളേജ് അവിടെ പ്രായോഗികമല്ലെന്ന് എം.പിക്ക് തോന്നിയതെങ്കിൽ ഇത്രയും കാലം അദ്ദേഹം എവിടെയായിരുന്നുവെന്ന് വ്യക്തമാക്കണം, ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, മെഡിക്കൽ കോളേജ് വിഷയവും എം.പി യുടെ കഴിവുകേടും ചർച്ച ചെയ്യപ്പെടുമെന്ന ഭീതി കൊണ്ടാണ് ഇപ്പോൾ പി. കരുണാകരൻ കേന്ദ്ര മെഡിക്കൽ കോളേജ് കർമ്മസമിതിയുമായി രംഗത്ത് വന്നിരിക്കുന്നതെന്നും പ്രസ്താവനയിൽ ആക്ഷേപിച്ചു.