കാഞ്ഞങ്ങാട്: ഹോമിയോപ്പതി സീതാലയം യൂണിറ്റും നീലേശ്വരം റോട്ടറിയും സംയുക്തമായി നടത്തിയ ഏകദിന സെമിനാർ സ്‌കോളർ കോളേജിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ എൽ. സുലൈഖ ഉദ്ഘാടനം ചെയ്തു. ഡോ. വി. മണിക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.പി. ശ്രീജ പദ്ധതി വിശദീകരിച്ചു. ഡോ. വി. സുലേഖ, ടി.വി. വിജയൻ, ദാമോദരൻ എന്നിവർ സംസാരിച്ചു. ഡോ. യു.ആർ. ഷീബ സ്വാഗതവും പി.വി. രാജു നന്ദിയും പറഞ്ഞു. നിയമ അവബോധം പെൺകുട്ടികളിൽ എന്ന വിഷയത്തിൽ അഡ്വ. എൽസി ജോർജും കൗമാരവും ഇന്റർനെറ്റും എന്ന വിഷയത്തിൽ സീതാലയം യൂണിറ്റ് കൺസൽട്ടന്റ് സൈകോളിജിസ്റ്റ് ജോമ എലിസബത്ത് ജോസഫ് എന്നിവർ ക്ലാസെടുത്തു.

വിദ്യാലയ പരിസരത്ത് ലഹരി മിഠായി വിൽപ്പന, നഗരസഭ ജാഗ്രതയിൽ

കാഞ്ഞങ്ങാട്: നഗരത്തിലെ വിദ്യാലയ പരിസരത്ത് ലഹരിമിഠായികൾ വിൽപ്പന നടത്തുന്നെന്ന വിവരത്തെ തുടർന്ന് നടന്ന പരിശോധനയിൽ പലവിധത്തിലുള്ള ലഹരിപദാർത്ഥങ്ങൾ കണ്ടെത്തി. കാഞ്ഞങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്തെ കടയിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. പുളിപ്പും കളറും ചേർത്ത മിഠായികൾ വിദ്യാർത്ഥികൾക്ക് നൽകുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ കട പരിശോധിച്ചു. എന്നാൽ സാധനങ്ങൾ കൈമാറാൻ കടക്കാരൻ തയ്യാറായില്ല. തുടർന്ന് ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.വി സീമ, ബീന ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി ഇവ പിടിച്ചെടുത്ത് എക്‌സൈസ് അധികൃതർക്ക് കൈമാറി. പരിശോധന തുടരാൻ ചെയർമാൻ വി.വി. രമേശൻ നിർദ്ദേശം നൽകിയിട്ടുണ്ട്.