കാസർകോട്: ശ്രീനാരായണ ഗുരുവും ശങ്കരാചാര്യരും ജന്മം കൊണ്ട പുണ്യഭൂമിയായ കേരളത്തിൽ ഇപ്പോൾ വിശ്വാസികൾ ഒന്നടങ്കം തെരുവിലിറങ്ങിയിരിക്കുന്നത് ധർമ്മയുദ്ധത്തിനാണെന്ന് കർണാടക പ്രതിപക്ഷ നേതാവ് ബി.എസ്. യെദിയൂരപ്പ അഭിപ്രായപ്പെട്ടു.
എൻ.ഡി.എയുടെ ആഭിമുഖ്യത്തിലുള്ള ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടനം മധൂർ ശ്രീമദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര സന്നിധിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്ര വിശ്വാസികളുടെ വൻജനാവലി ഉയർത്തിയ ശരണമന്ത്റത്തിന്റെ പശ്ചാത്തലത്തിലാണ് പ്രയാണം തുടങ്ങിയത്.
രാജ്യമെമ്പാടും ദീപാവലി ആഘോഷിക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ സമരപാതയിലായിരുന്നെന്ന് യെദിയൂരപ്പ പറഞ്ഞു. സുപ്രീംകോടതി വിധിക്കു പിറകെ ശബരിമല വിഷയത്തിൽ പിണറായി സർക്കാർ കൈക്കൊണ്ട നിലപാട് തീർത്തും വേദനാജനകവും നിരാശയുളവാക്കുന്നതുമാണ്. ആചാരങ്ങൾ തിടുക്കത്തിൽ അട്ടിമറിക്കാൻ നീങ്ങുംമുമ്പ് സാവകാശം തേടേണ്ടിയിരുന്നു. ഹൈന്ദവ ജനതയുടെ ആചാരങ്ങൾ തകർക്കുകയെന്ന ഇടതുപക്ഷ സർക്കാരിന്റെ ലക്ഷ്യം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നവീൻകുമാർ കട്ടീൽ എം.പി, കർണാടക എം.എൽ.എ കോട്ട ശ്രീനിവാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒ. രാജഗോപാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രഥയാത്രയുടെ നായകരായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, തുഷാർ വെള്ളാപ്പള്ളി എന്നിവർ യാത്രയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറിമാരായ ടി.വി. ബാബു, സി. സുഭാഷ് വാസു, അരയാക്കണ്ടി സന്തോഷ്, വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, അഡ്വ. സിനിൽ മുണ്ടപ്പള്ളി, അനിൽ തറനിലം, അഡ്വ. സംഗീത വിശ്വനാഥൻ, കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്, കെ. പൊന്നപ്പൻ, ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, ടി.എം. വേലായുധൻ, കെ.പി. ശ്രീശൻ, സി.കെ. പത്മനാഭൻ തുടങ്ങിയവർ
പ്രസംഗിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് സ്വാഗതവും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗണേഷ് നന്ദിയും പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിന് മുമ്പായി രഥപൂജയും നടന്നു. 13 നാണ് പത്തനംതിട്ടയിൽ രഥയാത്രസമാപിക്കുക. രഥയാത്രയിൽ ബി.ഡി.ജെ.എസ് സംസ്ഥാന ഭാരവാഹികളുടെ നിറഞ്ഞ പങ്കാളിത്തമാണുള്ളത്.