കാസർകോട്: ശബരിമല സംരക്ഷണ രഥയാത്ര പത്തനംതിട്ടയിൽ സമാപിക്കുന്നതോടെ ചരിത്രപരമായ മാറ്റങ്ങൾക്ക് ഈ നാട് സാക്ഷ്യം വഹിക്കാൻ പോവുകയാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എൻ.ഡി.എയുടെ നേതൃത്വത്തിലുള്ള ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതി മത ചിന്തകൾ തീണ്ടാതെ വിശ്വാസികൾ ദർശനം നടത്തുന്ന ശബരിമല മതേതരത്വത്തിന്റെ ഉദാത്തമായ പ്രതീകമാണ്. രഥയാത്ര ഹിന്ദുവിന്റെ വിശ്വാസം സംരക്ഷിക്കാനുള്ള യാത്രയാണെന്ന വ്യാഖ്യാനം തെറ്റിദ്ധരിപ്പിക്കുന്നതാണ്. എല്ലാ വിഭാഗം ജനങ്ങളും ദർശനത്തിനെത്തുന്ന പവിത്രമായ ഇടമാണ് ശബരിമല. അയ്യപ്പന്റെ പൂങ്കാവനത്തിൽ യുവതികൾക്കു വിലക്ക് പാടില്ലെന്ന സുപ്രീംകോടതി വിധി വന്നപ്പോൾ അത് എത്രയും പെട്ടെന്നു നടപ്പാക്കാനായിരുന്നു പിണറായി സർക്കാരിന്റെ തീരുമാനം. സർക്കാരിന്റെ ഈ അനാവശ്യ തിടുക്കമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. ആരോടും കൂടിയാലോചന നടത്താൻ പോലും മുതിരാതെ ഇത്രയും തിടുക്കത്തിൽ വിധി നടപ്പാക്കാൻ ശ്രമിച്ചത് എന്തിനായിരുന്നു ? സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ചിന്റേതാണ് ഈ വിധി. നേരത്തേ ഒൻപതംഗ ബെഞ്ച് പുറപ്പെടുവിച്ച വിധികൾ പലതും നടപ്പാക്കാതെ കിടക്കുകയാണ്. സംവരണക്കേസിലും സഭാ കേസിലും ഉൾപ്പെടെ വിധി മറികടക്കാൻ ശ്രമിച്ച സർക്കാർ ശബരിമല വിഷയത്തിൽ മാത്രം വേഗത്തിൽ വിധി നടപ്പിലാക്കണമെന്ന് പറയുന്നതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന തന്നെയാണുള്ളത്. ഹിന്ദു വിഭാഗത്തെ പല കഷണങ്ങളായി മുറിക്കാൻ ലക്ഷ്യം വച്ചുള്ള ഈ ഗൂഢാലോചനയെ ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കേണ്ടതുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതിൽ പോലും ജാതിയും മതവും നോക്കുന്ന പിണറായി സർക്കാരിന് രഥയാത്ര സമാപിക്കുമ്പോഴെങ്കിലും ബോധോദയം ഉണ്ടാകട്ടെയെന്നും തുഷാർ പറഞ്ഞു.
കാസർകോട്: വീണുകിട്ടിയ വിധിയുടെ ബലത്തിൽ ഈശ്വരവിശ്വാസം ഇല്ലാതാക്കാനാണ് ഇടതുപക്ഷ സർക്കാരിന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധി തിടുക്കത്തിൽ നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയാനാവൂ. വിഷാദരോഗത്തിന്റെ പിടിയിലാണിപ്പോൾ പിണറായിയുടെ പാർട്ടി. ഏറെ വൈകാതെ സി.പി.എമ്മിന്റെ കഥ കഴിയും. അധികാരത്തിൽ കയറിയപ്പോഴൊക്കെ ശബരിമല തകർക്കാൻ ശ്രമിച്ചതിന്റെ ചരിത്രമാണ് സി.പി.എമ്മിന്റേത്. അയ്യപ്പന്റെ വിഗ്രഹം കത്തിച്ചാമ്പലായി എന്നു കോടതിയിൽ സത്യവാങ്മൂലം നൽകിയത് നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. ഇപ്പോൾ പിണറായി സർക്കാരും ആ വഴിയുടെ തുടർച്ചയിലാണ്. ഈ നീക്കത്തെ എന്തുവില കൊടുത്തും ചെറുത്തു തോല്പിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ചെറുവത്തൂർ (കാസർകോട്): എൻ.ഡി.എയുടെ നേതൃത്വത്തിലുള്ള ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് നേരെ കാലിക്കടവിൽ കല്ലേറുണ്ടായത് നേരിയ സംഘർഷാവസ്ഥയ്ക്കിടയാക്കി.
കണ്ണൂർ - കാസർകോട് ജില്ലാ അതിർത്തിയിൽ ഇന്നലെ വൈകിട്ട് ആറര കഴിഞ്ഞതോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല. വാഹനങ്ങൾക്കും കേടുപാടൊന്നുമില്ല.
യാത്രയെ വരവേൽക്കാൻ കണ്ണൂർ ജില്ലയിൽ നിന്നുള്ള നൂറോളം പ്രവർത്തകർ അഞ്ചു മണിയോടെ തന്നെ കാലിക്കടവിൽ എത്തിയിരുന്നു. ഇവർ ദേശീയപാതയിൽ ഗതാഗതതടസ്സം ഉണ്ടാക്കുകയാണെന്നു ആരോപിച്ച് ഒരു സംഘം സി.പി.എം പ്രവർത്തകർ പ്രതിഷേധമുയർത്തി. പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കിയതിനിടയിലാണ് രഥയാത്ര കടന്നുവന്നത്. അതോടെ സി.പി.എം പ്രവർത്തകർ സർക്കാരിനെ അനുകൂലിച്ചു മുദ്യാവാക്യം ഉയർത്തി. അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെയായിരുന്നു കല്ലേറ്. യാത്ര നിറുത്തിവെച്ചു ദേശീയപാതയിൽ കുത്തിയിരിക്കാനുള്ള തീരുമാനവുമായി ബി.ജെ.പി നേതാക്കൾ രംഗത്തിറങ്ങിയെങ്കിലും പൊലീസ് അനുനയിപ്പിക്കുകയായിരുന്നു.
അയ്യപ്പവിശ്വാസികൾക്ക് നേരെയുള്ള ആക്രമണമാണ് സി.പി.എം നടത്തിയതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് പറഞ്ഞു. അക്രമത്തിനു പിന്നിൽ സി.പി.എം അല്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ പറഞ്ഞു.