കാക്കയങ്ങാട്: ക്ഷീരസംഘങ്ങളിൽ നിന്നും പാൽ അളക്കുന്ന ക്ഷീരകർഷകർക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസ് ധനസഹായ വിതരണം പാലപ്പുഴ ക്ഷീരസംഘത്തിൽ വച്ചു നടന്നു.എം എൽ എ അഡ്വ.സണ്ണി ജോസഫ് ഇൻഷുറൻസ് ധനസഹായ വിതരണം നടത്തി.മലബാർ മേഖല ക്ഷീരോല്പാദക യൂണിയൻ ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന ക്ഷീരകർഷകർക്ക് ഏർപ്പെടുത്തിയിട്ടുള്ള അപകട മരണ ഇൻഷുറൻസ് പദ്ധതി പ്രകാരം പാലപ്പുപുഴ ക്ഷീര സംഘം മെമ്പർ പരേതനായ കെ.ലക്ഷ്മണന്റെ കുടുംബത്തിനുള്ള ഇൻഷുറൻസ് സഹായ വിതരണമാണ് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു ജോസഫിന്റെ അദ്ധ്യക്ഷതയിൽ എം എൽ എ അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തത്.വി.വി.ഗംഗാധരൻ, എം.എ ജോസഫ്, ബിജു സ്‌കറിയ, സജിത മോഹനൻ, കെ.കെ.സജീവൻ, എ.ഷൽന, ഷനോജ് തുടങ്ങിയവർ സംബന്ധിച്ചു.

വില്ലേജ് ഓഫീസിൽനികുതി രസീത് മോഷണം:അന്വേഷണം തുടങ്ങി

തളിപ്പറമ്പ് :കുറുമാത്തൂർ വില്ലേജ് ഓഫീസിൽ നിന്ന് നികുതി രസീത് മോഷണം പോയ സംഭവത്തിൽ തളിപ്പറമ്പ് പൊലിസ് ആന്വേഷണം ആരംഭിച്ചു കേസുകളിൽ പ്രതികൾക്ക് ജാമ്യം നിൽക്കുന്നതിനും ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നതിനും നികുതി വെക്കാൻ അർഹതയില്ലാത്ത സ്ഥലത്തിന് നികുതി മുറിച്ചതായി രേഖയുണ്ടാക്കാനും ഈനികുതി രസീത് ഉപയോഗിക്കാൻ ഇടയുണ്ടെന്ന വിലയിരുത്തലിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

എസ്.ഐ നിനേശന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫിസിൽ എത്തി അന്വേഷണം നടത്തി.കഴിഞ്ഞ അഞ്ചിന് നികുതി രസീത് മുറിക്കുന്നതിനിടെയാണ് 1946656 നമ്പർ രസീതിന്റെ ഒറിജിനൽ ആരോ മുറിച്ചെടുത്തതായി ശ്രദ്ധയിൽ പെട്ടത്. വില്ലേജ് ഓഫീസർ പി.ഗംഗാധരന്റെ പരാതി പ്രകാരമാണ് അന്വേഷണം നടക്കുന്നത് .വില്ലേജ് ഓഫീസർ ഒഴികെ രണ്ട് ജീവനക്കാർ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. വർഷങ്ങൾക്ക് മുമ്പും ഇവിടെ നിന്ന് നികുതി രസീത് മോഷണം പോയിരുന്നത്രെ. കഴിഞ്ഞ ഒന്നിനാണ് നൂറെണ്ണം അടങ്ങുന്ന നികുതി രസീത് ബുക്ക് വില്ലേജ് ഓഫീസിൽ കൊണ്ടുവന്നത് ഈ ബുക്കിൽ നിന്ന് 12 രസീത് മാത്രമെ മുറിച്ചിരുന്നുള്ളൂ. മൂന്നിനാണ് അവസാനമായി രസീത് മുറിച്ചിരുന്നത്.

ന്യൂ മാഹി കല്ലാപ്പള്ളി മഖാം ഉറൂസ്: 10 മുതൽ

ന്യൂ മാഹി: ന്യൂമാഹി കല്ലാപ്പള്ളിയിൽ മഖാം ഉറൂസ് നവംബർ 10 മുതൽ 15 വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. 10 ന് 8 മണിക്ക് അബ്ദുശ്ശുക്കുർ മുസലിയാർ പതാക ഉയർത്തും .മൗലീദ് പാരായണ സദസ്സ്, 11 ന് 9 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഗമം, 14 ന് രാത്രി 7.30 ന് സ്‌കുൾ ഓഫ് ഖുർആൻ വാർഷിക സംഗമം 15 ന് സമാപന ദിനത്തിൽ അന്നദാനം 4 മണിക്ക് സ്വലാത്ത് ജാഥ രാത്രി 7.30 ന് ദിക്ർ ദുആ സമ്മേളനം ഉദ്ഘാടനം സി .ടി .അബൂബക്കർ മുസലിയാർ ആക്കോട്, പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തു.വാർത്ത സമ്മേളന ത്തിൽ നൗഷാദ്. കെ, മുഹമ്മദ് റാഫി, അൻവർ സഖാഫി, ദാവൂദ് അഷ്രഫി സംബന്ധിച്ചു.

പുരാവസ്തു ഗവേഷകൻ കെ.കെ.കെ.നായരെ ആദരിക്കുന്നു

തളിപ്പറമ്പ്: പുരാവസ്തു ഗവേഷകനും ഇൻഷൂറൻസ് പൊതുമേഖലാജീവനക്കാരുടെ സമുന്നത നേതാവുമായ കെ.കെ. കെ. നായരെ 11ന് വൈകിട്ട് നാലിന് തൃഛംബരം കൾച്ചറൽ സെന്റർ ലൈബ്രറിയൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. കെ.കെ. നായർ എഴുതിയ (ബസവനും റാണിയും, തെയ്യംതിറ, പതാകാവാഹകർ ) പുസ്തകത്തിന്റെ പ്രകാശനം കെ.മാധവൻ നിർവ്വഹിക്കും.' സൗത്ത് സോൺ ഇൻഷൂറൻസ് എംപ്ലോയിസ് ഫെഡറേഷൻ പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങും. എം.കെ. ബാലകൃഷ്ണൻ ' ടി.എൻ.രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും.

നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി

കൊട്ടിയൂർ: പേരാവൂർ എക്‌സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ പാൽച്ചുരത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി . 3. 300 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ആറു പേർക്കെതിരെ കോട്പ ചുമത്തി കേസെടുത്തു. പേരാവൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി. സജീവൻ, പി.സി.ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം. ജയിംസ്, കെ.എ. ഉണ്ണിക്കൃഷ്ണൻ, എക്‌സൈസ് ഡ്രൈവർ കെ.ടി.ജോർജ്ജ്, എക്‌സൈസ് ഇന്റലിജന്റ്‌സ് പ്രിവന്റീവ് ഓഫീസർ ഒ.അബ്ദുൾ നിസാർ എന്നിവർ പങ്കെടുത്തു

നിരോധിത പുകയില വിൽപ്പന രണ്ടു പേർ അറസ്റ്റിൽ

മാഹി : വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മാഹി പോലീസ് സൂപ്രണ്ട് സി.എച്ച്. രാധാകൃഷ്ണ, സർക്കിൾ ഇൻസ്‌പെക്ടർ എൻ .ഷൺമുഖം ,പള്ളൂർ എസ് ഐ ശെന്തിൽ കുമാർ, പന്തക്കൽ എസ് ഐ ഷൺമുഖം എന്നിവരടങ്ങിയ സംഘം നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത ലഹരി വസ്തുക്കൾ സൂക്ഷിച്ചതിന് അറസ്റ്റിലായ ആയില്യം സ്റ്റോർ ഉടമ ശശി, സഹായി ഈസ്റ്റ് പള്ളൂരിലെ കണ്ടോത്തുംകണ്ടി നിഖിൽ എന്നിവരെ മാഹി കോടതി റിമാൻഡ് ചെയ്തു. . ഇതിനു മുമ്പും നിരവധി തവണ പിടിക്കപ്പെട്ട ശശിയുടെ കടയിൽ നിന്നും വിൽപനക്കായി സൂക്ഷിച്ച നിരോധിത ഉത്പന്നങ്ങൾ കണ്ടെടുത്തു. ശശിയേയും സഹായിയെയും മാഹീ കോടതിയിൽ ഹാജരാക്കി.

ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ എജ്യുക്കേഷൻ ക്യാമ്പ്

കണ്ണൂർ: ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അൺലീഷ് യുവർ പൊട്ടൻഷ്യൽ മൂന്നാംഘട്ട എജ്യുക്കേഷൻ ക്യാമ്പ് 10, 11 തീയതികളിൽ നടക്കും. 10ന് രാവിലെ പയ്യാമ്പലം കോർണിഷ് റിസോർട്ടിലും 11ന് കോട്ടപ്പുറത്ത് ഹൗസ്‌ബോട്ടിലൂടെ പുഴയെ അറിഞ്ഞുളള ക്‌ളാസും നടക്കും. ആധുനിക ജീവിതത്തിലെ സംഘർഷങ്ങളെയെല്ലാം പരിഹരിച്ച് ദൈനംദിന വിദ്യാഭ്യാസം മുതൽ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിജയം കൈവരിക്കാൻ വിദ്യാർത്ഥികൾക്കായി അഴീക്കോട് ദയ ചാരിറ്റബിൾ ട്രസ്റ്റ് ഒരുക്കിയ പദ്ധതിയാണിത്. നാട്ടിലെ മുപ്പതോളം കുട്ടികളെ തിരഞ്ഞെടുത്ത് പ്രത്യേകം പരിശീലനം ഉറപ്പാക്കി ഭാവിയുടെ വാഗ്ദാനങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൻ.കെ. സൂരജ് വ്യക്തമാക്കി.