ഉദുമ: യു.ഡി.എഫിന്റെ കുത്തകയായ ഉദുമ സർവീസ് സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ പടലപ്പിണക്കം മുറുകുന്നു. 25ന് തിരഞ്ഞെടുപ്പ് നടക്കുമെന്നിരിക്കെ മുഖ്യ ഘടക കക്ഷിയായ കോൺഗ്രസിന് പ്രവർത്തകരുടെ കൺവെൻഷൻ പോലും വിളിച്ചുചേർക്കാനായിട്ടില്ല. 11 അംഗ ഭരണസമിതിയിൽ 6കോൺഗ്രസും 5 മുസ്ലിംലീഗുമാണ് ബോർഡ് അംഗങ്ങൾ. ലീഗ് സ്ഥാനാർത്ഥികളെ നിയോഗിച്ചെങ്കിലും കോൺഗ്രസ് കുഴങ്ങി നിൽക്കുകയാണ്. ഇതോടെ 11 അംഗ കമ്മിറ്റിയെ നിയോഗിച്ച് സ്ഥാനാർത്ഥിയെ കണ്ടെത്താനാണ് നിർദ്ദേശം.
നിലവിലെ ഡയറക്ടർമാർ മാറി മറ്റുള്ളവർക്ക് അവസരം നൽകണമെന്ന് ഉദുമയിൽ ചേർന്ന ബ്ലോക്ക്-മണ്ഡലം ഭാരവാഹികളുടെ യോഗം തീരുമാനിച്ചിരുന്നു. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 11 അംഗ കമ്മിറ്റി അഡ്വ. സി.കെ. ശ്രീധരനെ സമീപിച്ചതോടെ അദ്ദേഹം പിന്മാറാൻ സന്നദ്ധനായിരുന്നു. എന്നാൽ മറ്റൊരു ഡയറക്ടർ ബോർഡ് അംഗം വിദ്യാസാഗർ ഇത് അംഗീകരിക്കാൻ കൂട്ടാക്കാതിരുന്നതോടെ ശ്രീധരനും തീരുമാനം മാറ്റി. ഇതോടെയാണ് പാർട്ടി പൊട്ടിത്തെറിയുടെ വക്കിലെത്തിയത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ യു.ഡി.എഫ് കേന്ദ്രമായ തീരദേശ മേഖലയിൽ നിന്നും ബി.ജെ.പി.യിലേക്ക് ഒഴുക്കുണ്ടാകുമെന്നാണ് ഒരു വിഭാഗത്തിന്റെ ഭീഷണി. പത്ത് വർഷമായി മത്സരമില്ലാത്ത ബാങ്കിലെ ഈ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കെ.പി.സി.സി., ഡി.സി.സി. നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ്.