പെർള (കാസർകോട് ): ബി.ജെ.പി നേതാവ് ശ്രീധരൻപിള്ള ഡൽഹിയിലേക്കാണ് രഥയാത്ര നടത്തേണ്ടതെന്ന് കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ എം.എം. ഹസ്സൻ പറഞ്ഞു. ബി.ജെ.പി യുടെ സമരപ്രഹസനങ്ങൾക്കു ഒത്താശ ചെയ്യുന്ന നിലയിലേക്ക് കേരളത്തിലെ പൊലീസ് അധഃപതിച്ചതായും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഹസ്സൻ.
ഷാബാനു കേസിൽ സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെന്റിൽ നിയമം കൊണ്ടുവന്ന രാജീവ് ഗാന്ധിയുടെ മാതൃക പിന്തുടരാൻ പ്രധാനമന്ത്റി നരേന്ദ്ര മോദി തയ്യാറാകണം. വിശ്വാസസംരക്ഷണത്തിനാണ് അന്ന് നിയമം കൊണ്ടുവന്നത്.
ശബരിമല വിഷയത്തിൽ വിശ്വാസികളെ സി.പി.എം പരസ്യമായും ബി.ജെ.പി രഹസ്യമായും വഞ്ചിക്കുകയാണ്. രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് സി.പി.എമ്മിന്റെയും ബി.ജെ.പി യുടെയും ലക്ഷ്യം.ആരുടെയും വിശ്വാസം ഹനിക്കപ്പെടാതെ ഭരണ നടത്താൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നതിന്റെ തെളിവാണ് ഇന്ന് നടക്കുന്ന വിശ്വാസധ്വംസനവും വിശ്വാസികളെ വഞ്ചിച്ചുള്ള രാഷ്രീയമുതലെടുപ്പുമെന്ന് യാത്രാ നായകൻ കെ. സുധാകരൻ പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ അദ്ധ്യക്ഷത വഹിച്ചു.