കണ്ണൂർ: നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയെ പാർട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടുമെന്ന് മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജി പറഞ്ഞു. 400 വോട്ടിന് പരാജയപ്പെട്ടപ്പോൾ എം. പ്രകാശൻ പോലും എന്നോട് കാണിക്കാത്ത വൃത്തികേടാണ് നികേഷ് കാണിച്ചത്. ഇത്തരത്തിലുള്ള ഒരാളോട് മത്സരിക്കേണ്ടി വന്നതിന്റെ ഗതികേടിൽ നിന്നുണ്ടായ കോടതി വിധിയാണിത്. വർഗീയ പ്രചാരണം നടത്തി തിരഞ്ഞെടുപ്പ് വിജയിച്ചു എന്ന കോടതി വിധി ഒരു മതേതരവാദി എന്ന നിലയിൽ ഏറെ അപമാനകരമാണ്. ഏത് തരത്തിലാണ് കോടതിക്ക് ആ ബോദ്ധ്യം വന്നത് എന്ന് മനസിലായിട്ടില്ല. തിരഞ്ഞെടുപ്പിന്റെ തലേന്ന് പോലും വർഗീയ വിരുദ്ധ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഞാൻ. എനിക്കെതിരെ കേസ് കൊടുത്ത വ്യക്തി അറിയപ്പെടുന്ന മാനിപ്പുലേറ്ററാണ്. നിരവധി വഞ്ചനാ കേസുകളിലെ പ്രതിയാണ്. ഇത്തരത്തിൽ ഒരു നോട്ടീസ് ഇറക്കാനുള്ള വിവരക്കേട് എനിക്കില്ല.