കണ്ണൂർ: ഉപതിരഞ്ഞെടുപ്പിന് അഴീക്കോട് വേദിയാകുമോ?. കെ.എം. ഷാജിയുടെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയതോടെ ഉയരുന്ന ചോദ്യമാണിത്. വിധി ഹൈക്കോടതി തന്നെ സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും അത് രണ്ടാഴ്ചത്തേക്ക് സുപ്രീംകോടതിയിൽ പോകാനുള്ള സാവകാശം നൽകാൻ മാത്രമാണ്. സുപ്രീംകോടതി വിധി എന്താകും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ.
സി.പി.എം പുറത്താക്കിയപ്പോൾ സി.എം.പി രൂപീകരിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിയായി എം.വി. രാഘവൻ വിജയിച്ചു കയറിയ അഴീക്കോട് മണ്ഡലത്തിൽ പാർട്ടി അംഗം പോലുമല്ലാത്ത നികേഷിനെ സി.പി.എം സ്വന്തം ചിഹ്നം നൽകിയാണ് രംഗത്തിറക്കിയത്.
ഹൈക്കോടതി വിധി പരമോന്നത കോടതി അംഗീകരിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടന്നാലും വിലക്ക് ആറു വർഷത്തേക്കായതിനാൽ ഷാജിക്ക് മത്സരിക്കാനാവില്ല. മണ്ഡലത്തിൽ സമ്മതനായ ഷാജിക്ക് പകരക്കാരനെ കണ്ടെത്തുക ലീഗിനും വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പ് വന്നാൽ നികേഷ് തന്നെ മത്സരിക്കുമെന്നാണ് സി.പി.എം കേന്ദ്രങ്ങൾ നൽകുന്ന സൂചന.
2011ൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ എം. പ്രകാശനെ 493 വോട്ടിന് പരാജയപ്പെടുത്തിയ ഷാജി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്നു തിരഞ്ഞെടുക്കപ്പെട്ടത്. 2011ൽ ഇടതു മുന്നണിക്ക് ഭരണത്തുടർച്ച നഷ്ടപ്പെടുത്താനിടയാക്കിയ ജില്ലയിലെ പ്രധാന മണ്ഡലം കൂടിയാണ് അഴീക്കോട്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട വിജയം തിരിച്ചുപിടിക്കുകയെന്നത് സി.പി.എമ്മിന് അഭിമാനപ്രശ്നമായിരുന്നു. എന്നിട്ടും ഷാജി ജയിച്ചത് തിരിച്ചടിയായി.
കല്ല്യാശേരി വന്ന വഴി
ഉറച്ച സി.പി.എം കോട്ടയായിരുന്ന അഴീക്കോട്ട് 1987ലാണ് യു.ഡി.എഫ് പിന്തുണയോടെ എം.വി. രാഘവൻ വിജയിച്ചത്. മണ്ഡല പുനർനിർണയത്തിൽ പിന്നീട് നേരിയ മേൽക്കൈ യു.ഡി.എഫിനായി. 2008 ലെ മണ്ഡലം പുനനിർണയത്തിനു മുമ്പ് കണ്ണൂർ താലൂക്കിലെ അഴീക്കോട്, വളപട്ടണം പഞ്ചായത്തുകളും തളിപ്പറമ്പ് താലൂക്കിലെ മാട്ടൂൽ, ചെറുകുന്ന്, കണ്ണപുരം, കല്ല്യാശേരി, നാറാത്ത്, പാപ്പിനിശേരി പഞ്ചായത്തുകളും ഉൾപ്പെട്ടതായിരുന്നു ഈ നിയമസഭാമണ്ഡലം. ഇപ്പോൾ കണ്ണൂർ താലൂക്കിലെ അഴീക്കോട്, ചിറയ്ക്കൽ, പള്ളിക്കുന്ന്, വളപട്ടണം, പുഴാതി, നാറാത്ത്, പാപ്പിനിശേരി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നു. തളിപ്പറമ്പിനും അഴീക്കോടിനുമിടയിൽ കല്ല്യാശേരി എന്ന പുതിയ മണ്ഡലം രൂപം കൊള്ളുകയും ചെയ്തു.