കണ്ണൂർ: കെ.എം. ഷാജി എം.എൽ.എയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തെങ്കിലും അഴീക്കോട് മണ്ഡലം ശ്രദ്ധാകേന്ദ്രമാവുകയാണ്. ഇടത്തും വലത്തുമായി ചാഞ്ഞും ചരിഞ്ഞും നിന്ന ചരിത്രമാണ് അഴീക്കോടിനുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ശ്രദ്ധേയമായ പോരാട്ടമാണ് അഴീക്കോട് നടന്നത്. സി.പി.എമ്മിൽ നിന്ന് പുറത്തുപോയി യു.ഡി.എഫ് സ്ഥാനാർത്ഥിയായി അട്ടിമറി വിജയം നേടിയ സി.എം.പി ജനറൽ സെക്രട്ടറിയായിരുന്ന എം.വി. രാഘവൻ മത്സരിച്ച് ജയിച്ച അഴീക്കോട് മണ്ഡലത്തിൽ മകൻ എം.വി നികേഷ് കുമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയതോടെയാണ് മണ്ഡലത്തിന് താരപരിവേഷം ലഭിച്ചത്.
പാർട്ടി അംഗം പോലുമല്ലാത്ത എം.വി. നികേഷ്‌കുമാറിന് സി.പി.എം സ്വന്തം ചിഹ്നം നൽകിയത് മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു. വീറും വാശിയും വാനോളം ഉയർന്നു പൊങ്ങിയപ്പോൾ കിണർ വെള്ളത്തിലെ ഉപ്പ് സാന്നിദ്ധ്യം പരിശോധിക്കാൻ നികേഷ് കുമാർ കിണറ്റിലിറങ്ങിയതു പോലും വിവാദമായിരുന്നു. ഉപ്പ് പരിശോധിക്കാൻ കിണറിലെ ഒരു ബക്കറ്റ് വെള്ളം കോരി ഷാജി നികേഷിനെ തിരുത്തിയതും തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടംനേടി.
2011ലാണ് മുസ്ലിംലീഗ് സി.എം.പിയിൽ നിന്ന് അഴീക്കോട് സീറ്റ് തിരികെവാങ്ങുന്നതും കെ.എം ഷാജിയെ പോരാട്ടത്തിനിറക്കുന്നതും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ എം. പ്രകാശനെ 493 വോട്ടിന് പരാജയപ്പെടുത്തിയ ഷാജി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.
2011 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് ഭരണത്തുടർച്ച നഷ്ടപ്പെടുത്താനിടയാക്കിയ ജില്ലയിലെ പ്രധാന മണ്ഡലം കൂടിയാണ് അഴീക്കോട്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട വിജയം തിരിച്ചുപിടിക്കുകയെന്നത് സി.പി.എമ്മിനും ഇടതുമുന്നണിയ്ക്കും അഭിമാനപ്രശ്നമായിരുന്നു. എന്നിട്ടും ഷാജി ജയിച്ചു കയറിയതോടെ അത് സി.പി.എമ്മിന് തിരിച്ചടിയായി.
ചെങ്കോട്ടയിളക്കിയത് എം.വി രാഘവൻ
ഇളകാത്ത സി.പി.എം കോട്ടയായിരുന്നു അഴീക്കോട് മണ്ഡലം. ചടയൻഗോവിന്ദനും പി. ദേവൂട്ടിയും ടി.കെ ബാലനും ഇ.പി. ജയരാജനുമെല്ലാം ഇവിടെ വിജയം കണ്ടു. എന്നാൽ സി.പി.എം വിട്ട് യു.ഡി.എഫിനൊപ്പം ചേർന്ന് എം.വി രാഘവൻ നടത്തിയ വെല്ലുവിളിയിൽ സി.പി.എമ്മിന് അടിതെറ്റി. മുസ്ലിംലീഗ് അന്നുവരെ മത്സരിച്ച മണ്ഡലം എം.വി രാഘവന് വേണ്ടി 1987ൽ വിട്ടു നല്കുകയായിരുന്നു. എന്നാൽ തുടർന്നങ്ങോട്ട് അഴീക്കോട്ടൊരു ബല പരീക്ഷണത്തിന് രാഘവനും നിന്നില്ല. പിന്നീട് 2011ൽ കെ.എം ഷാജിയിലൂടെയാണ് മണ്ഡലം യു.ഡി.എഫിനൊപ്പമെത്തിയത്. മണ്ഡലം പുനർനിർണയിച്ചപ്പോഴുണ്ടായ മാറ്റംകൂടിയാണ് ഈ വിധി നിർണയിച്ചത്.
2016ലെ വോട്ട് നില
കെ.എം. ഷാജി (യു.ഡി.എഫ്): 63082
എം.വി നികേഷ് കുമാർ (എൽ.ഡി.എഫ്): 60795
എ.വി കേശവൻ (എൻ.ഡി.എ): 12580
ഭൂരിപക്ഷം: 2287