കണ്ണൂർ: വിശ്വാസത്തിന്റെപേരിൽ വർഗീയതയെ വോട്ടാക്കി മാറ്റാനുള്ള ശ്രമമാണ് ബി.ജെ.പിയും കോൺഗ്രസും നടത്തുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. എം.വി.ആർ ദിനാചരണത്തിന്റെ ഭാഗമായുള്ള അനുസ്മരണസമ്മേളനം ചേമ്പർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ പോകാൻ താൽപര്യമുള്ള വിശ്വാസികളായ സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതാണ് സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി. എന്നാൽ സമരം ചെയ്യുന്നവർ പറയുന്നത് വിശ്വാസികളായ തങ്ങൾമാത്രം ശബരിമലയിൽ പോയാൽ മതിയെന്നും വിശ്വാസികളായ സ്ത്രീകൾ പോകേണ്ട എന്നുമാണ്. ഏത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണ് ഇവിടെ സമരത്തിനിറങ്ങുന്നവർ സംരക്ഷിക്കുന്നത്. മഹാരാഷ്ട്രയിൽ ആയിരക്കണക്കിന് വർഷം സ്ത്രീപ്രവേശമില്ലാതിരുന്ന ശനിക്ഷേത്രത്തിൽ കോടതിവിധിയെ തുടർന്നു സ്ത്രീകളെ പോകാൻ അനുവദിച്ചത് ശിവസേന സർക്കാരാണ്.ആസൂത്രിതമായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു സമരത്തിലേക്ക് ഇറക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് മാത്രം ലക്ഷ്യമിട്ടാണ്. സ്ത്രീവിരുദ്ധ നിലപാട് പ്രാവർത്തികമാക്കാൻ സ്ത്രീകളെ തന്നെ രംഗത്തിറക്കുന്നു. സമൂഹത്തെ മുന്നോട്ടു ചലിപ്പിക്കുന്ന പുരോഗമനാശയങ്ങളെ തകർക്കുകയാണ് ലക്ഷ്യം. ഇതിനെ നേരിടാൻ പുരോഗമന ജനാധിപത്യശക്തികളുടെ യോജിപ്പ് അനിവാര്യമാണ്– ബേബി പറഞ്ഞു.