കണ്ണൂർ: കേരളത്തിലെ സി.പി.എം ക്രിമിനലുകളുടെ താവളമായി മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കണ്ണൂരിൽ സി.പി. ജോൺ വിഭാഗത്തിന്റെ എം.വി.ആർ അനുസ്മരണം പൊലീസ് സഭാ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്റ്റാലിനിസം തലയ്ക്ക് പിടിച്ച സി.പി.എം പുഷ്പൻമാരെ സൃഷ്ടിക്കാൻ മത്സരിക്കുകയാണ്. ത്രിപുരയിലെയും ബംഗാളിലെയും പാർട്ടിയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വരെ ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റ് ഐക്യം എന്നത് കൊട്ടിയടച്ചത് മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സി.പി.എം നേതാക്കളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
എം .വി .ആർ ജീവിച്ചതും മരിച്ചതും കമ്മ്യൂണിസ്റ്റുകാരനായിട്ടാണ്. പൊരുതാനുള്ള വാശി അദ്ദേഹത്തിന്റെ ജീവിതത്തിൽ എന്നും ഉണ്ടായിരുന്നു. ആ വാശിയാണ് സി.പി.എമ്മിനോട് കലാപം നടത്താനുള്ള ശക്തി. എല്ലാ പ്രതിസന്ധികളെയും നേരിട്ടാണ് എം.വി.ആർ മുന്നേറിയതെന്നും അദ്ദേഹം പറഞ്ഞു.