ഇരിട്ടി : കഴിഞ്ഞ കാലവർഷത്തിൽ മണ്ണിടിച്ചിൽ മൂലം തകർന്നു വീണ എടക്കാനത്തെ മഠത്തിനകത്ത് ബേബിക്കായി നിർമ്മിക്കുന്ന വീടിന്റെ പ്രവൃത്തി ആരംഭിച്ചു. സേവാ ഭാരതിയാണ് ബേബിക്കും കുടുംബത്തിനും വേണ്ടി വീട് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ കുറ്റിയടി കർമ്മമാണ് ഇന്നലെ നടന്നത്.
കഴിഞ്ഞ കാലവർഷത്തിൽ ജനങ്ങളും പൊലീസും മറ്റും നോക്കിനിൽക്കേയാണ് ബേബിയുടെ രണ്ടു നിലവീട് നിലംപൊത്തിയത്. കനത്ത മഴയെത്തുടർന്ന് വീടിനുപിന്നിലെ കുന്ന്ഇടിഞ്ഞു ചെളിയും മണ്ണുമടക്കം വീടിനു മുകളിലേക്ക് പതിച്ചതോടെ വീട് പൂർണ്ണമായും നിലം പോത്തുകയായിരുന്നു. എടക്കാനം പാലാപ്പറമ്പിൽ ബേബി എടുത്തുനൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് സേവാ ഭാരതിയുടെ നേതൃത്വത്തിൽ വീട് നിർമ്മാണം തുടങ്ങിയത്. ടി.പി. സന്തോഷ് ആശാരിയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ആർ .എസ് .എസ് , ബി.ജെ.പി ,സേവാഭാരതി നേതാക്കളായ വത്സൻ തില്ലങ്കേരി , സത്യൻ കൊമ്മേരി, രാമദാസ് എടക്കാനം , പി.പി. ഷാജി, പി.എസ്. പ്രകാശൻ എന്നിവർ പങ്കെടുത്തു.
മേഖലയിൽ പ്രളയത്തിൽ തകർന്ന ആറ് വീടുകളാണ് സേവാഭാരതി നിർമ്മിച്ച് നൽകുന്നത്. ഇതിൽ ബേബിയടക്കം അഞ്ചോളം വീടുകളുടെ നിർമ്മാണ പ്രവർത്തി നടന്നു വരികയാണ്.