തലശേരി: ശബരിമലയിൽ ഏതു വിധേനയും സ്ത്രീകളെ കയറ്റിയേ അടങ്ങൂ എന്ന നിലപാടാണ് സർക്കാരും ദേവസ്വം ബോർഡും സ്വീകരിക്കുന്നതെന്ന് ബി.ഡി.ജെ.എസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എൻ.ഡി.എയുടെ ശബരിമല സംരക്ഷണ യാത്രയ്ക്ക് തലശേരിയിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈശ്വര വിശ്വാസമുള്ള സമൂഹത്തെ തകർക്കുകയെന്ന ലക്ഷ്യമാണ് സി.പി.എമ്മിന്. എന്നാൽ ഭൂരിപക്ഷ സമൂഹത്തിന്റെ വിശ്വാസങ്ങൾ മാറ്റിമറിക്കാമെന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്. ഈശ്വരവിശ്വാസികളല്ല എന്ന് പറഞ്ഞവരിൽ പലരും പിന്നീട് കടുത്ത വിശ്വാസികളായി വരുന്നത് നാം കണ്ടതാണ്. ജനവികാരം മനസിലാക്കാതെ വിശ്വാസം മാറ്റാൻ ശ്രമിക്കുന്നത് ശരിയാണോയെന്ന് സർക്കാർ പരിശോധിക്കണമെന്നും തുഷാർ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ചേറ്റൂർ ബാലകൃഷ്ണൻ, സംഗീതാ വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. പി.കെ. കൃഷ്ണദാസ്, വർക്കി വട്ടപ്പാറ, അരയാക്കണ്ടി സന്തോഷ്, ശോഭാ സുരേന്ദ്രൻ, സുഭാഷ് വാസു, എം.കെ. നീലകണ്ഠൻ, കെ.കെ. പൊന്നപ്പൻ തുടങ്ങിയവർ സംബന്ധിച്ചു. എൻ.ഡി.എ ജില്ലാ കൺവീനർ വി.പി. ദാസൻ അദ്ധ്യക്ഷത വഹിച്ചു.