തൃക്കരിപ്പൂർ: അയോദ്ധ്യ കാട്ടി ഉത്തരേന്ത്യ പിടിച്ചെടുത്തതുപോലെ ശബരിമല കാട്ടി ഹിന്ദുക്കളുടെ വികാരം ഉണർത്തിക്കൊണ്ടുള്ള വോട്ടു ബാങ്ക് രാഷ്ട്രീയമാണ് ബി.ജെ.പി നടത്തുന്നതെന്നും ബി.ജെ.പിയുടെ പേരുപറഞ്ഞു ന്യൂനപക്ഷത്തിനെ കൈയിലെടുക്കാനുള്ള തന്ത്രമാണ് പിണറായി വിജയന്റേതെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കെ.പി.സി.സിയുടെ നേതൃത്വത്തിൽ കാസർകോട്ട് നിന്ന് ആരംഭിച്ച വിശ്വാസ സംരക്ഷണയാത്രയ്ക്ക് തൃക്കരിപ്പൂരിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.
സംഘാടകസമിതി ചെയർമാൻ അഡ്വ. കെ.കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നേൽ, സുമ ബാലകൃഷ്ണൻ, എ.പി. സുനിൽ കുമാർ, കെ.വി. ഗംഗാധരൻ, എ.പി. അബ്ദുള്ളക്കുട്ടി, വി.കെ. ബാവ, എം.ടി.പി. കരീം എന്നിവർ പ്രസംഗിച്ചു. പി.കെ. ഫൈസൽ സ്വാഗതം പറഞ്ഞു.
ഇന്നലെ കാഞ്ഞങ്ങാട് പെരിയയിലായിരുന്നു ആദ്യ സ്വീകരണം. പിലാത്തറയിലെ സ്വീകരണത്തിനുശേഷം കണ്ണൂർ നഗരത്തിലായിരുന്നു ഇന്നലെ യാത്ര സമാപിച്ചത്. ഇന്ന് തലശേരിയിലെയും ഇരിട്ടിയിലെയും സ്വീകരണത്തിനുശേഷം വയനാട് ജില്ലയിൽ പ്രവേശിക്കും.