പെരിയ: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും നാളിതുരെ കണ്ട ഭരണാധികാരികളിൽ ഏറ്റവും ധിക്കാരികളാണെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ ഇരുകൂട്ടരും വരും നാളുകളിൽ അനുഭവിക്കുമെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ മുന്നറിയിപ്പു നൽകി.
വിശ്വാസത്തെ സംരക്ഷിക്കുക, വർഗീയതയെ തുരത്തുക എന്ന സന്ദേശവുമായി കെ.പി.സി.സി പ്രഖ്യാപിച്ച ജാഥകളുടെ ഭാഗമായി തുടങ്ങിയ വടക്കൻ മേഖലാ ജാഥയ്ക്ക് പെരിയയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് കേരളത്തിൽ നടത്തുന്ന അഞ്ച് ജാഥകളിലെയും ജനാവലികൾ 15 ന് പത്തനംതിട്ടയിൽ സംഗമിക്കുമ്പോൾ സർവ മതവിശ്വാസികളുടെ താക്കീതായി മാറുമെന്നും ഇതുകണ്ടില്ലെന്ന് നടിക്കാൻ സി.പി.എമ്മിനും ബി.ജെ.പിയ്ക്കും കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാനാജാതി മതവിഭാഗങ്ങളിൽപ്പെട്ട മുഴുവൻ വിശ്വാസികൾക്കും സി.പി.എമ്മും ബി.ജെ.പിയും ഇന്നലെയും ഇന്നും നാളെയും ഭീഷണിയാണെന്നും ഇക്കാര്യങ്ങൾ കേരള ജനതയോട് തുറന്നു സംവദിക്കാനാണ് കോൺഗ്രസ് വിശ്വാസ സംരക്ഷണ യാത്ര സംഘടിപ്പിച്ചതെന്നും ഇതിനെ ജനങ്ങൾ പൂർണമനസോടെ സ്വീകരിച്ചതായും സുധാകരൻ അഭിപ്രായപ്പെട്ടു.
സ്വാഗത സംഘം ചെയർമാൻ എ.ഗോവിന്ദൻ നായർ അധ്യക്ഷനായിരുന്നു. കെ.പി.സി.സി ഭാരവാഹികളായ കെ.പി.കുഞ്ഞിക്കണ്ണൻ, അഡ്വ.പി.എം.സുരേഷ് ബാബു, എൻ.സുബ്രഹ്മണ്യൻ, കെ.പി.അനിൽകുമാർ, ഡിസിസി.പ്രസിഡന്റ് ഹക്കീം കുന്നിൽ, കെ.സി.അബു, കെ.പി.സി.സി സെക്രട്ടറിമാരായ പ്രവീൺ കുമാർ, കെ.നീലകണ്ഠൻ, കെ.പി. മജീദ്, ഐ.എൻ.ടി.യു.സി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി കെ. സുരേന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ, മീഡിയാ കമ്മിറ്റി സംസ്ഥാന കൺവീനർ ബി.ആർ ഷെഫീഖ്, സ്വാഗത സംഘം ജനറൽ കൺവീനർ സി. രാജൻ പെരിയ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീൻ, യൂത്ത് കോൺഗ്രസ്സ് പാർലിമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വൽ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.