കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തിലെ ബങ്കളം, തെക്കം ബങ്കളം, കക്കാട്ട്, കുട്ടപ്പന, കാനത്ത് മൂല പ്രദേശങ്ങളിൽ പേപ്പട്ടി ശല്യം രൂക്ഷമായി. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നാല് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു.
ബാലാടിയിലെ ലത (48), തെക്കൻ ബങ്കളത്തെ കല്യാണി (65), സുനിലിന്റെ മകൻ അശ്വിൻ (ആറ്), കുട്ടപ്പനയിലെ ഗംഗാധരൻ (40) എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പ്രഭാത സവാരിക്ക് പോകുന്നവരും സ്കൂൾ വിദ്യാർത്ഥികളും പേപ്പട്ടി ശല്യം കാരണം പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ്. രാവിലെ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ പരിശീലനത്തിന് വരുന്ന കുട്ടികൾക്കും കടിയേറ്റിട്ടുണ്ട്.
കക്കാട്ട് എച്ച്.എസ്.എസ് പരിസരത്താണ് 50 ലധികം തെരുവുനായ്ക്കൾ തമ്പടിക്കുന്നത്. ഈ ഭാഗത്ത് വളർത്ത മൃഗങ്ങൾക്കും തെരുവുനായകളുടെ കടിയേറ്റിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് മടിക്കൈ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചുവെങ്കിലും പേപ്പട്ടിയെ പിടികൂടാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും നാട്ടുകാർ പറഞ്ഞു.