കാസർകോട്: അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും തമ്മിൽ ഉണ്ടായ ഭിന്നത കുറ്റിക്കോലിൽ പരസ്യമായ സംഘർഷത്തിൽ കലാശിച്ചു.
സംഘർഷത്തിനിടെ കല്ലുകൊണ്ടുള്ള കുത്തേറ്റ് സി.പി.ഐ ലോക്കൽ സെക്രട്ടറിക്ക് തലയ്ക്ക് പരിക്കേറ്റു. സി.പി. ഐയുടെ വനിതാ പഞ്ചായത്ത് അംഗം സി.പി.എമ്മിൽ ചേർന്നുവെന്ന പ്രചാരണം നടന്നതിന്റെ തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.
കുറ്റിക്കോൽ പടുപ്പിൽ വെച്ചാണ് സി.പി.ഐ ബന്തടുക്ക ലോക്കൽ സെക്രട്ടറി തേന്മല ഹൗസിൽ പി.പി ചാക്കോയെ ഒരു സംഘം ആക്രമിച്ചത്.
സി.പി .ഐയുടെ കുറ്റിക്കോൽ പഞ്ചായത്തിലെ ഏക അംഗം നിർമ്മല കുമാരി വ്യാഴാഴ്ച പാർട്ടിയിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നുവെന്ന പ്രചാരണം ഈ ഭാഗങ്ങളിൽ സജീവമായിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാൻ പഞ്ചായത്ത് മെമ്പറുടെ വീടിനടുത്തുള്ള സി.പി.ഐ നേതാവ് കല്യാണ കൃഷ്ണന്റെ വീട്ടിൽ എത്തിയ സി.പി.ഐ പ്രാദേശിക നേതാക്കളായ പി. ഗോപാലൻ, ഗോപാലകൃഷ്ണൻ, പി.പി ചാക്കോ, ബേബി സി. നായർ എന്നിവർ പഞ്ചായത്ത് മെമ്പറും ഭർത്താവുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ 30 ഓളം സി.പി .എം പ്രവർത്തകർ എത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സി.പി.ഐ നേതാക്കൾ പറയുന്നു.
തുടർന്ന് തിരിച്ചുവരും വഴി നാല്പതോളം പേർ ചേർന്ന് ആക്രമിക്കുകയുമായിരുന്നുവെന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചാക്കോ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന കുറ്റിക്കോൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ സി.പി.ഐ പഞ്ചായത്തംഗം നിർമ്മലകുമാരി മാറി നിന്നിരുന്നു. ഇതേ തുടർന്ന് സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ ഇവരെ ഭീഷണിപ്പെടുത്തുകയും പാർട്ടി അംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് സി.പി.ഐ നേതാക്കൾ പറയുന്നു. ഇതിനുശേഷമാണ് നിർമ്മല കുമാരി രാജിവെച്ചുവെന്ന പ്രചാരണം ഉണ്ടായത്.