കണ്ണൂർ: ശബരിമലയിലെ പൊലീസ് നിലപാട്, കെ.ടി. ജലീൽ, പി.കെ. ശശി വിഷയങ്ങൾ എന്നിവ ഇന്ന് മുതൽ 14 വരെ കോഴിക്കോട്ട് നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിയൊരുക്കും.
ശബരിമലയിൽ ബി.ജെ.പി, ആർ.എസ്.എസ് മുന്നേറ്റത്തെ പ്രതിരോധിക്കാൻ പൊലീസിനു കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് ഡി.വൈ.എഫ്.ഐക്കുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിധേയർ ഇപ്പോഴും പൊലീസിന്റെ ഉന്നതങ്ങളിലുണ്ടെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നേക്കും. നെയ്യാറ്റിൻകരയിൽ യുവാവിന്റെ മരണത്തിൽ കലാശിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരതയിലും ഡി.വൈ.എഫ്.ഐക്ക് കടുത്ത അമർഷമുണ്ട്.
ബന്ധുനിയമന വിവാദത്തിൽ കുരുങ്ങിയ മന്ത്രി കെ.ടി. ജലീലിന് അനാവശ്യ പിന്തുണ നൽകുന്നെന്ന പരാതിയും സമ്മേളനത്തിൽ ഉയർന്നേക്കും. മന്ത്രി ഇ.പി. ജയരാജൻ കാണിച്ച രാഷ്ട്രീയ മര്യാദ ജലീൽ നിന്നും ഉണ്ടാകണമെന്ന് സംഘടനാ നേതൃത്വത്തിൽ ചിലർക്ക് അഭിപ്രായമുണ്ട്. പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ അംഗം നൽകിയ പരാതി സി.പി.എം നേതൃത്വം ഗൗരവമായി ചർച്ചയ്ക്കെടുത്തില്ലെന്ന വിമർശനവും സംഘടനയിലുണ്ട്. സംഘടനയിൽ നിന്നു നീതി കിട്ടിയില്ലെന്നു സി.പി.എം കേന്ദ്ര നേതൃത്വത്തിനു പരാതി നൽകാൻ യുവതി തയ്യാറായ സാഹചര്യം പരിശോധിക്കണമെന്ന് പറയുന്ന വിഭാഗത്തിന് മുഖ്യമന്ത്രിയടക്കമുള്ളവരുമായി ശശി വേദി പങ്കിട്ടതിലും അതൃപ്തിയുണ്ട്.
50,78,857 അംഗങ്ങൾ
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനു ശേഷം ഡി.വൈ.എഫ്.ഐയിൽ 44,216 അംഗങ്ങളുടെ വർദ്ധനയുണ്ടായി. നിലവിൽ 50,78,857 അംഗങ്ങളാണുള്ളത്. എന്നാൽ പ്രവർത്തിക്കുന്ന അംഗങ്ങൾ ഇതിന്റെ നാലിലൊന്നു പോലുമില്ലെന്നാണ് വിലിരുത്തൽ.
പ്രായപരിധി 37
സംഘടനയിൽ പ്രായപരിധി 37 ആയി പരിമിതപ്പെടുത്താൻ ധാരണയായിട്ടുണ്ട്. ഈ തീരുമാനം നടപ്പിലാകുമ്പോൾ നിലവിലുള്ള സംസ്ഥാന ഭാരവാഹികളായ എ.എൻ. ഷംസീർ, എം. സ്വരാജ് എന്നിവർക്ക് മാറി നിൽക്കേണ്ടി വരും. 90 അംഗ നിലവിലെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് 35 പേരെങ്കിലും ഒഴിവാക്കപ്പെടും.
കണ്ണൂർ ജില്ലാ പ്രസിഡന്റ് എം .ഷാജർ, സെക്രട്ടറി വി.കെ. സനോജ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.കെ. സജീഷ്, എറണാകുളം ജില്ലാ സെക്രട്ടറി കെ.എസ്. അരുൺകുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി.എം. ആതിര, കേന്ദ്ര കമ്മിറ്റി അംഗം എ.എ. റഹിം എന്നിവർ സംസ്ഥാന നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെട്ടേക്കും.