തളിപ്പറമ്പ്: രണ്ടു ദിവസങ്ങളിലായി തളിപ്പറമ്പിൽ നടന്നു വന്ന റവന്യൂ ജില്ലാ ശാസ്ത്ര,ഗണിത ശാസ്ത്ര,സാമൂഹ്യശാസ്ത്ര ,പ്രവൃത്തി പരിചയ ,ഐ.ടി മേള സമാപിച്ചു. പ്രളയത്തിന്റെ പാശ്ചാത്തലത്തിൽ അനാർഭാടവും ചെലവു ചുരുക്കിയുമാണ് മേള നടത്തുന്നത്. 15 ഉപജില്ലകളിൽനിന്നായി 70 ഇനങ്ങളിൽ 2100 ഓളം വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുത്തത്. അവസാന ദിവസമായ ഇന്നലെ നടന്ന സാമൂഹ്യശാസ്ത്ര വിഭാഗത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിലും(70 പോയിന്റ്) ഹൈസ്‌കൂൾ വിഭാഗത്തിലും(81 പോയന്റ്്) പയ്യന്നൂർ സബ് ജില്ല ചാമ്പ്യൻമാരായി. 50 പോയന്റോടെ ഹയർസെക്കൻഡറി വിഭാഗത്തിലും 53 പോയിന്റോടെ ഹൈസ്‌കൂൾ വിഭാഗത്തിലും കണ്ണൂർ നോർത്ത് സബ് ജില്ല രണ്ടാം സ്ഥാനം നേടി. സ്‌കൂൾ തലത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്‌ക്ൂൾ 25 പോയിന്റോടെ ഒന്നാം സ്ഥാനം നേടിയപ്പോൾ എ.കെ.ജി എച്ച്.എസ്.എസ്് പെരളശേരിയും രാജീവ് ഗാന്ധി എച്ച്.എസ്.എസ് മൊകേരിയും 23 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിൽ എ.വി.എസ്. ജി.എച്ച്.എസ്.എസ് കരിവെളളൂർ 42 പോയിന്റോടെ ഒന്നാം സ്ഥാനവും രാജീവ് ഗാന്ധി എച്ച്.എസ്.എസ് മൊകേരി 36 പോയിന്റോടെ രണ്ടാം സ്ഥാനവും നേടി. ഗണിതശാസ്ത്ര മേളയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 123 പോയിന്റോടെ പയ്യന്നൂർ സബ് ജില്ലയും 109 പോയിന്റോടെ ഇരിട്ടിയും ഹൈസ്‌കൂൾ വിഭാഗത്തിൽ 122 പോയിന്റോടെ തളിപ്പറമ്പ് നോർത്ത് സബ് ജില്ലയും 112 പോയിന്റോടെ തലശേരി നോർത്തും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.