കാഞ്ഞങ്ങാട്: നിർണ്ണായകമായ വിവിധ ചരിത്രഘട്ടങ്ങളിൽ ശക്തമായ സമരപോരാട്ടങ്ങളെ അതിജീവിച്ചാണ് മനുഷ്യസമുദായം വികസിച്ചുവന്നതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബര വാർഷികാഘോഷം ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക വികാസത്തിന് വിലങ്ങുതടിയായി നിലകൊണ്ട ഛിദ്രശക്തികളെ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയാൻ കേരളീയ സമൂഹത്തിന് സാധിച്ചിരുന്നു. സാമൂഹികമായി ഏറെ മുന്നോട്ട് വികസിച്ചിട്ടുള്ള കേരളീയ സമൂഹം പിന്തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ പ്രാകൃത ചരിത്രത്തെ ഞെട്ടലോടെ മാത്രമേ നോക്കിക്കാണാനാവുകയുള്ളൂ. ജനാധിപത്യ വ്യവസ്ഥതയില്ലാതിരുന്ന ഒരു കാലഘട്ടിത്തിൽ ശ്രീ ചിത്തിര തിരുനാൾ നടത്തിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്നും വളരെയധികം പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.
പി. കരുണാകരൻ എം.പി അധ്യക്ഷനായി. മുരുകൻ കാട്ടാക്കട, അംബികാസുതൻ മാങ്ങാട് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ ചെയർമാൻമാരായ വി വി രമേശൻ, പ്രൊഫ. കെ.പി ജയരാജൻ, കാസർകോട് നഗരസഭാ ചെയർപേഴ്സൺ ബിഫാത്തിമ ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു സ്വാഗതവും എ.ഡി.എം: എൻ ദേവീദാസ് നന്ദിയും പറഞ്ഞു.