കാസർകോട്: അഞ്ചുമാസത്തിനിടെ ഭരണപക്ഷ സംഘടനയുടെ പ്രവർത്തകനായ പഞ്ചായത്ത് ഓവർസിയറെ രാഷ്ട്രീയ താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം മാറ്റിയ നടപടി ട്രിബ്യൂണൽ റദ്ദാക്കിയെങ്കിലും സംഭവം സി.പി.എമ്മിനുള്ളിൽ പുകയുന്നു. ബദിയടുക്ക ഗ്രാമ പഞ്ചായത്ത് ഓവർസിയർ വിദ്യാനഗർ പന്നിപ്പാറയിലെ ബി. സുഭാഷിനെ മൂന്നാമതും സ്ഥലംമാറ്റിയ നടപടിയാണ് ട്രിബ്യൂണൽ റദ്ദാക്കിയത്.
ബദിയടുക്ക പഞ്ചായത്തിൽ ഓവർസിയറായിരുന്നു സുഭാഷിനെ ആദ്യം കണ്ണൂർ കോർപ്പറേഷനിലേക്ക് സ്ഥലം മാറ്റി. രണ്ട് വർഷം അവിടെ ജോലി ചെയ്ത സുഭാഷിനെ ഇക്കഴിഞ്ഞ ജൂൺ 30 ന് നീലേശ്വരം നഗരസഭയിലേക്ക് മാറ്റി. അവിടെ ജോലി ചെയ്തുവരുന്നതിനിടയിൽ സി.പി.എം ബദിയടുക്ക പ്രാദേശിക നേതൃത്വം ഇടപെട്ട് സെപ്തംബർ 14 ന് ബദിയടുക്ക പഞ്ചായത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. അവിടെ നിന്ന് കോഴിക്കോട് ഫാറൂഖ് നഗരസഭയിലേക്കാണ് വീണ്ടും മാറ്റിയതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചത് കാസർകോട്ടെ ഒരു സി പി എം നേതാവാണെന്നുമാണ് ആരോപണം.
അന്യായമായ സ്ഥലം മാറ്റത്തിനെതിരെ ഓവർസിയർ സുഭാഷ് കേരള അഡ്മിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടർന്ന് സ്ഥലം മാറ്റം തടയുകയും സുഭാഷിനെ ബദിയടുക്ക പഞ്ചായത്തിൽ ഓവർസീയറായി തന്നെ നിലനിർത്തുകയുമാണ് ചെയ്തിട്ടുള്ളത്. പ്രാദേശിക നേതൃത്വം ഇടപെട്ട് കൊണ്ടുവന്ന ഓവർസീയറെ അവരെ പോലും അറിയിക്കാതെ സ്ഥലംമാറ്റിയതാണ് സി.പി.എമ്മിനുള്ളിൽ വിവാദമായത്. അതേസമയം കാസർകോട് കേന്ദ്രീയ വിദ്യാലയത്തിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയ നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ സുഭാഷും സി.പി.എം നേതാവും തമ്മിൽ ഉടക്കിയതാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന് സംസാരമുണ്ട്.