ഉദിനൂർ സുകുമാരൻ
കാസർകോട്: കുറ്റിക്കോലിലെ സി.പി.എം, സി.പി.ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനും അഭിപ്രായവ്യത്യാസത്തിനും ജില്ലയിലെ മുതിർന്ന നേതാക്കൾ ഇടപെട്ടതോടെ 'വെടിനിർത്തൽ' പ്രഖ്യാപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പും അടുത്തെത്തിയ സാഹചര്യത്തിൽ ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷികൾ തമ്മിൽ കൊമ്പുകോർക്കുന്നത് മുന്നണിക്ക് ക്ഷീണമുണ്ടാക്കുകയും കുറ്റിക്കോൽ മാതൃക ജില്ല മുഴുവൻ വ്യാപിക്കുകയും ചെയ്യുമെന്ന തിരിച്ചറിവാണ് മുതിർന്ന നേതാക്കളുടെ പെട്ടെന്നുള്ള ഇടപെടലിന് കാരണമായത്. ബി.ജെ.പിയും കോൺഗ്രസും വലിയ വെല്ലുവിളി ഉയർത്തുന്ന പുതിയ സാഹചര്യത്തിൽ ഒറ്റക്കെട്ടായി നീങ്ങേണ്ടുന്ന കാര്യം പരസ്പരം ഏറ്റുമുട്ടുന്ന ഇരുപാർട്ടി പ്രവർത്തകരെയും ബോധ്യപ്പെടുത്താൻ മുന്നണി നേതാക്കൾ രംഗത്തിറങ്ങും. ഇതിനായി മധ്യസ്ഥ ചർച്ചകളും യോഗങ്ങളും സംഘടിപ്പിക്കും.
ഇതിന്റെ മുന്നോടിയായി എൽ.ഡി.എഫ് കൺവീനർ കെ.പി സതീഷ്ചന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ.വി കൃഷ്ണൻ തുടങ്ങിയ നേതാക്കൾ തമ്മിൽ ആശയവിനിമയം നടത്തി തർക്കങ്ങൾ ഉപേക്ഷിച്ചു രണ്ടു പാർട്ടിയും തമ്മിൽ നല്ല ധാരണയിൽ മുന്നോട്ടുപോകാൻ തീരുമാനിച്ചു എന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി പരസ്പരമുള്ള പൊലീസ് കേസുകൾ വേണ്ടെന്ന് വെക്കാനും ധാരണയായിട്ടുണ്ട്.