wedding-11

കണ്ണൂർ: മുഹൂർത്തവും താലി ചാർത്തലും മോതിരം മാറലുമൊന്നും ഇല്ലാതെ ഇന്ദുലേഖ വിനീതിന്റെ ജീവിതസഖിയായി.തോട്ടട കിഴുന്നയിലെ മതിയമ്പത്ത് വീട്ടിൽ കൈലാസിന്റെയും ഷെമിയുടെയും മകൾ ഇന്ദുലേഖയാണ് കതിർമണ്ഡപത്തിലെ ചടങ്ങുകളില്ലാതെ, ഒരു തരി സ്വർണം പോലും അണിയാതെ വിവാഹിതയായത്. ജീവിതത്തിൽ വ്യത്യസ്തമായ വഴികൾ തിരഞ്ഞെടുത്ത കൈലാസ് മകളുടെ വിവാഹത്തിനും മതപരമായ ചടങ്ങുകളെല്ലാം ഒഴിവാക്കുകയായിരുന്നു.

ചെടികളിലെ പൂക്കൾ പറിക്കരുതെന്ന കാഴ്ചപ്പാടുള്ള കൈലാസിന്റെ മകളുടെ വിവാഹത്തിന് പൂക്കളും ഉപയോഗിച്ചില്ല.

ഇന്നലെ മേലേചൊവ്വ സഹന ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ കൈലാസ് മകളെ അടൂർ പനോനേരി ഇല്ലത്തക്കണ്ടി ഹൗസിൽ വിനീതിനെ കൈപിടിച്ച് ഏൽപ്പിക്കുകയായിരുന്നു. അതിഥികകൾക്ക് സദ്യവട്ടങ്ങളൊരുക്കിയിരുന്നു.

അനസ്തേഷ്യ ടെക്നോളജിയിൽ ബിരുദധാരിയാണ് ഇന്ദുലേഖ. വിജയൻ- പത്മിനി ദമ്പതികളുടെ മകനാണ് ബഹ്‌റിനിൽ ജോലി ചെയ്യുന്ന വിനീത്..

വർഷങ്ങൾക്ക് മുമ്പ് കൈലാസും തേടിയത് ആഭരണങ്ങളൊന്നും അണിയാത്ത ഒരു പെണ്ണിനെയായിരുന്നു. അങ്ങനെയാണ് കാതുപോലും കുത്താത്ത ഗുരുവായൂർ സ്വദേശിനി ഷെമി വധുവായി എത്തിയത്. ഇവരുടെ പെൺമക്കൾ ഇന്ദുലേഖയും ചിത്രലേഖയും മകൻ ധർമ്മേന്ദ്രയും ആഭരണങ്ങൾ ആഗ്രഹിച്ചിട്ടില്ല.

ഉദയം സൂര്യകാന്തി പ്രൊഡക്‌ഷൻസ് എന്ന പേരിൽ സോപ്പ് യൂണിറ്റ് നടത്തുന്ന കൈലാസ് ശ്രീനാരായണ ഗുരുവിനെയും കാറൽമാർക്‌സിനെയും മനസിൽ കൊണ്ടുനടക്കുന്നു.