തൃക്കരിപ്പൂർ: നടക്കാവിൽ സ്ഥാപിക്കാൻ തീരുമാനിച്ച പ്ലാസ്റ്റിക് സംഭരണകേന്ദ്രം യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന പ്രദേശവാസികളുടെ നിലപാട് പഞ്ചായത്തിന് കീറാമുട്ടിയായി. കേന്ദ്രത്തിനുനേരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായപ്പോൾ സർവ്വകക്ഷി യോഗം ചേർന്നുവെങ്കിലും പ്രദേശവാസികളെ ഉൾപ്പെടുത്താത്തതിനാൽ സമവായത്തിലെത്താനും കഴിഞ്ഞില്ല.

ആൾപ്പാർപ്പില്ലാത്ത കുറ്റിച്ചിമുട്ടിൽ കൈപ്പാട്ടിൽ റോഡരികിലായി 25 സെന്റ് പുറമ്പോക്ക് ഭൂമിയിൽ പ്ലാസ്റ്റിക് യൂണിറ്റ് സ്ഥാപിക്കാനായിരുന്നു നാലുവ‌ർഷങ്ങൾക്ക് മുമ്പുള്ള പദ്ധതി. എന്നാൽ ഇത് പ്രാവർത്തികമാക്കാൻ കഴിയാത്തതിനാലാണ് ജനവാസകേന്ദ്രമായ നടക്കാവിൽ പുതിയ ഷെഡ്ഡിംഗ് യൂണിറ്റ് ആരംഭിക്കാൻ തീരുമാനിച്ചതെന്ന ആരോപണവുമുണ്ട്. തുടക്കത്തിൽ നാട്ടുകാരുടെ എതിർപ്പുണ്ടായപ്പോൾ ബുക്ക് ബൈൻഡിംഗ് കേന്ദ്രമാണെന്ന് തെറ്റിദ്ധരിപ്പിച്ചുവെന്നും നിർമ്മാണം പൂർത്തിയാകാതെ കരാറുകാരന് കാശുകൊടുത്തുവെന്നുമാണ് കോളനിനിവാസികളുടെ മറ്റൊരു ആരോപണം.

പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലായി നിരവധി ആളൊഴിഞ്ഞ സ്ഥലങ്ങൾ ഉണ്ടായിട്ടും ഇരുന്നോറോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനി പരിസരത്ത് തന്നെ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തെയാണ് അന്ന് ചോദ്യം ചെയ്തത്. പിന്നീട്ട് പുതിയ ഭരണസമിതി അധികാരത്തിൽ എത്തിയതോടെയാണ് പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റിനു പകരം സംഭരണ യൂണിറ്റെന്ന പദ്ധതി വന്നത്. എന്നാൽ ഇതിനെ നാട്ടുകാർ വിശ്വാസത്തിലെടുത്തില്ല. പാതി പൂർത്തിയാക്കിയ യൂണിറ്റും പ്രദേശവും പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ശുചീകരണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.

പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുമായി ചർച്ചയ്ക്കുള്ള അവസരം ഒരുങ്ങിയില്ല. ഇതിനിടയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയയെ തടഞ്ഞുവെന്ന പരാതിയിൽ കോളനി നിവാസികൾക്കെതിരെ ചന്തേര പൊലീസ് കേസെടുക്കുകയും ചെയ്തു. പ്രശ്നം രമ്യതയിൽ ചർച്ച ചെയ്തു പരിഹരിക്കാനായി വീണ്ടും സർവ്വകക്ഷി യോഗം ചേർന്നുവെങ്കിലും ഉപസമിതി രൂപീകരിച്ചതല്ലാതെ ഒരു പുരോഗതിയും ഉണ്ടായില്ല. തുടർന്നാണ് പ്രദേശവാസികൾ വീണ്ടും സമരമുഖം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.