കാഞ്ഞങ്ങാട്: എഡ്യു സ്മാർട്ട് പരിപാടിയുടെ ഭാഗമായി മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി. സ്‌കൂളിലെ കുട്ടികൾക്ക് ബ്ലോഗ് ഒരുക്കി. കുട്ടികളുടെ പ്രതികരണങ്ങൾ, സർഗാത്മക ശേഷികൾ എന്നിവ ഇതിലൂടെ പ്രകടിപ്പിക്കാനാകും. ദേശീയ ഐ.സി.ടി. അവാർഡ് ജേതാവ് പി. അബ്ദുൾ റഹ്മാന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആശംസാ കാർഡുകൾ, നോട്ടീസുകൾ എന്നിവ ബഹുവർണ കളറിൽ നിർമ്മിക്കാനും പരിശീലനം നൽകും.
ക്ലാസ് മുറിയിലെ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് മുന്നിൽ വീഡിയോ പ്രസന്റേഷനായി അദ്ധ്യാപകർ അവതരിപ്പിക്കും. പത്രങ്ങളിലും വാരികയിലും മാസികയിലും വരുന്ന വിദ്യാഭ്യാസ പംക്തികൾ ക്രോഡീകരിച്ച് യുട്യൂബിലാക്കി പ്രദർശിപ്പിക്കാനുള്ള പരിശീലനവും കുട്ടികൾക്ക് നൽകും. അബ്ദുൾ റഹ്മാന് ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ എൽ. സുലൈഖ ഉപഹാരം നൽകി. ചെയർമാൻ വി.വി. രമേശൻ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി. പുഷ്പ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി. ജയരാജൻ, പ്രധാന അദ്ധ്യാപകൻ കൊടക്കാട് നാരായണൻ, പി. ശ്രീകല എന്നിവർ പ്രസംഗിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.വി. സുഗതൻ അദ്ധ്യക്ഷത വഹിച്ചു.